കൊച്ചി മെട്രോ വരുമാനത്തില്‍ നൂറ് കോടി കവിഞ്ഞു; പരസ്യവരുമാനത്തില്‍ കുതിപ്പ്

ഉദ്ഘാടന ദിവസം മുതല്‍ നവംബര്‍ വരെ 49.85 കോടി രൂപ ടിക്കറ്റിതര വരുമാനമായി ലഭിച്ചു - ടിക്കറ്റില്‍ നിന്ന് 55.91 കോടി രൂപ വരുമാനമാണ് ലഭിച്ചത്
കൊച്ചി മെട്രോ വരുമാനത്തില്‍ നൂറ് കോടി കവിഞ്ഞു; പരസ്യവരുമാനത്തില്‍ കുതിപ്പ്

കൊച്ചി: വരുമാനത്തില്‍ കൊച്ചി മെട്രോ നൂറ് കോടി കടന്നു. നവംബര്‍ വരെയുള്ള കണക്ക് പ്രകാരം കൊച്ചി മെട്രോ നേടിയത് 105.76 കോടി രൂപയാണ്. ടിക്കറ്റ് വരുമാനവും ടിക്കറ്റ് ഇതര വരുമാനവും കൂട്ടിയുള്ള കണക്കാണിത്. ഉദ്ഘാടന ദിവസം മുതല്‍ നവംബര്‍ വരെ 49.85 കോടി രൂപ ടിക്കറ്റിതര വരുമാനമായി ലഭിച്ചു. ടിക്കറ്റില്‍ നിന്ന് 55.91 കോടി രൂപ വരുമാനമാണ് ലഭിച്ചത്. മറ്റു മെട്രോകളുമായി താരതമ്യം ചെയ്യുമ്പോള്‍ ടിക്കറ്റ് ഇതര വരുമാനത്തില്‍ കൊച്ചി മെട്രോ മുന്നിലാണ്.

പരസ്യ വരുമാനമാണു ടിക്കറ്റിതര വരുമാനത്തിന്റെ വലിയ ഭാഗവും. മെട്രോ തൂണുകളിലെ പരസ്യം വഴി പ്രതിവര്‍ഷം 5.7 കോടി രൂപ മെട്രോയ്ക്കു ലഭിച്ചു. സ്‌റ്റേഷന് അകത്തും പുറത്തും പരസ്യത്തിനു നല്‍കിയതിലൂടെ 5.8 കോടി രൂപയും സ്‌റ്റേഷനുകള്‍ക്കു സ്വകാര്യ സ്ഥാപനങ്ങളുടെ പേരു നല്‍കിയതു വഴി 11 കോടി രൂപയും ലഭിച്ചു. ഇടപ്പള്ളിയിലും എംജി റോഡിലും വാണിജ്യ സ്ഥാപനങ്ങളിലേക്കു പ്രത്യേക നടപ്പാലം നിര്‍മിച്ചുതുവഴി അധിക വരുമാനം നേടി. 

സ്‌റ്റേഷനുകളിലെ സ്ഥലം വാണിജ്യാവശ്യത്തിനു നല്‍കുന്നതു വഴിയും വരുമാനം ലഭിക്കുന്നുണ്ട്. നിലവില്‍ വിവിധ സ്‌റ്റേഷനുകളിലായി വിവിധ വ്യാപാര സ്ഥാപനങ്ങളുടെ ഔട്ട്‌ലെറ്റുകളും ചായകോഫി ഷോപ്പുകളും എടിഎം കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമ, പരസ്യ ചിത്രീകരണം, പാര്‍ക്കിങ് ഫീസ് എന്നിവയാണു ടിക്കറ്റിനു പുറമെയുള്ള മറ്റു വരുമാന മാര്‍ഗങ്ങള്‍. അടുത്ത ജൂണില്‍ തൈക്കൂടം വരെ മെട്രോ സര്‍വീസ് ആരംഭിക്കുമ്പോള്‍ ടിക്കറ്റ് വരുമാനത്തിലും പരസ്യ വരുമാനത്തിലും കാര്യമായ വര്‍ധനയുണ്ടാകുമെന്നാണു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com