എടിഎം ഇടപാട് നിരക്കുകള്‍ കൂട്ടിയേക്കും ; വര്‍ധന വേണമെന്ന് ആര്‍ബിഐയോട് ബാങ്കുകള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st January 2018 02:22 PM |
Last Updated: 01st January 2018 02:22 PM | A+A A- |

മുംബൈ: എടിഎം ഇടപാടിനുള്ള നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ബാങ്കുകള്‍. ഇക്കാര്യം ആവശ്യപ്പെട്ട് ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചു. നോട്ട് അസാധുവാക്കലിനുശേഷം എ.ടിഎം വഴിയുള്ള ഇടപാടുകള്‍ കുറഞ്ഞു. ഇത് എടിഎമ്മുകളുടെ പരിപാലനചെലവ് കൂടാന്‍ ഇടയാക്കിയെന്നും ബാങ്കുകള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സേവന നിരക്കില്‍ വര്‍ധന വരുത്തണമെന്നാണ് ആവശ്യം. സ്വകാര്യ മേഖല ബാങ്കുകളാണ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം ആദ്യം മുന്നോട്ടുവച്ചത്.
ഇന്‍ര്‍നെറ്റ് ബാങ്കിംഗ് വര്‍ധിച്ചത് എ.ടി.എമ്മുകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചുവെന്നും ബാങ്കുകള്‍ സൂചിപ്പിച്ചു. പൊതുമേഖലയിലേയും, സ്വകാര്യമേഖലയിലേയും വിവിധ ബാങ്കുകളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി റിസര്‍വ് ബാങ്കിനെ സമീപിച്ചത്.
അക്കൗണ്ടുള്ള ബാങ്കിന്റേതല്ലാത്ത എടിഎമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ ബാങ്കുകള്‍ തമ്മില്‍ നല്‍കുന്ന ഇടപാടിനുള്ള നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നിരക്ക് വര്‍ധിപ്പിക്കണമെന്ന സ്വകാര്യബാങ്കുകളുടെ ആവശ്യത്തെ ഏതാനും പൊതുമേഖലാ ബാങ്കുകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.