വണ്ടിയുടെ ഇഷ്ടനമ്പര്‍ നിലനിര്‍ത്താം; പോര്‍ട്ടബിലിറ്റിയുമായി യുപി സര്‍ക്കാര്‍

പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ നിലവിലെ വാഹനത്തിന്റെ നമ്പര്‍ തന്നെ ലഭിക്കുന്നതിനുളള സംവിധാനമാണ് ഉത്തര്‍പ്രദേശില്‍ തയ്യാറാവുന്നത്
വണ്ടിയുടെ ഇഷ്ടനമ്പര്‍ നിലനിര്‍ത്താം; പോര്‍ട്ടബിലിറ്റിയുമായി യുപി സര്‍ക്കാര്‍

ലക്‌നൗ: മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഇന്ന് ഒരു സാധാരണ സംഭവമാണ്. എന്നാല്‍ വാഹനങ്ങളുടെ നമ്പറും സമാനമായി നിലനിര്‍ത്താന്‍ കഴിയുന്നത് ഒരു പുത്തന്‍ അറിവാണ്. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് ഇതിന് തുടക്കമിടാന്‍ ഒരുങ്ങുന്നത്.പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ നിലവിലെ വാഹനത്തിന്റെ നമ്പര്‍ തന്നെ ലഭിക്കുന്നതിനുളള സംവിധാനമാണ് ഉത്തര്‍പ്രദേശില്‍ തയ്യാറാവുന്നത്. വരുമാന വര്‍ധന പ്രതീക്ഷിച്ചാണ് മുന്‍സര്‍ക്കാര്‍ അംഗീകരിച്ച നിര്‍ദേശം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പൊടിതട്ടിയെടുത്തത്. ഉടന്‍  തന്നെ പദ്ധതി നടപ്പിലാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

പുതിയ പദ്ധതിയനുസരിച്ച് പഴയ വാഹനങ്ങള്‍ വിറ്റാലും ആക്രിസാധനമായി കൊടുത്താലും നിലവിലെ വാഹനനമ്പര്‍ നിലനിര്‍ത്താന്‍ കഴിയും. അതേസമയം പഴയ വാഹനങ്ങള്‍ക്ക് വാഹനം വാങ്ങിയ സമയത്തെ സീരിസില്‍ അവേശഷിക്കുന്ന നമ്പര്‍ മാറ്റിയും നല്‍കും. ബൈക്ക്, കാര്‍ എന്നിങ്ങനെ വ്യത്യസ്തമില്ലാതെ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം ഏര്‍പ്പെടുത്തും. ഫലത്തില്‍ ബൈക്കുളള ഒരു ഉപഭോക്താവിന് വാങ്ങാന്‍ ഉദേശിക്കുന്ന പുതിയ കാറിന് ബൈക്കിന്റെ നമ്പര്‍ ലഭിക്കും. സമാനമായി തിരിച്ചും ഈ സൗകര്യം പ്രയോജനപ്പെടുത്താം. 

അതേസമയം നിരക്കില്‍ വ്യത്യാസമുണ്ട്. ബൈക്കില്‍ നിന്നും കാറിലേക്ക് നമ്പര്‍ പോര്‍ട്ടബിലിറ്റി മാറുമ്പോള്‍ നിരക്കായി നിശ്ചയിക്കാന്‍ ഉദേശിക്കുന്നത് 50000 രൂപയാണ്. ബൈക്കില്‍ നിന്നും ബൈക്കിലേക്കാണെങ്കില്‍ 25000 രൂപയും ഈടാക്കും. കാറും കാറും തമ്മിലുളള നമ്പര്‍ പോര്‍ട്ടബിലിറ്റിക്കും നിരക്ക് 50000 രൂപയാണ്.

നിലവില്‍ മഹാരാഷ്ട്ര, ന്യൂഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ ഈ പദ്ധതി നിലവിലുണ്ട്. മറ്റു സംസ്ഥാനങ്ങളോടും സമാനമായ നിലയില്‍ മാറാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com