ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷിക്കാന്‍ വരുന്നു പറക്കും റിക്ഷകള്‍; പുതിയ പദ്ധതിയുമായി കേന്ദ്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2018 10:47 AM |
Last Updated: 10th January 2018 10:59 AM | A+A A- |
ന്യൂഡല്‍ഹി: നഗരത്തിലെ ട്രാഫിക് കുരുക്കുകളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ പറക്കും റിക്ഷകള്‍ കൊണ്ടുവരാന്‍ കേന്ദ്ര മന്ത്രാലയം പദ്ധതിയിടുന്നു. ഗതാഗത സൗകര്യം കൂടുതല്‍ കാര്യക്ഷമമാക്കാനായി ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ റിക്ഷയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.
രാജ്യത്തെ ഏറ്റവും മികച്ച ഗതാഗത സംവിധാനമായിരിക്കും എയര്‍ റിക്ഷയെന്നും ഇതുമായി ബന്ധപ്പെട്ട നയങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സിറ്റി ഡാറ്റ ഫോര്‍ ഇന്ത്യ കോണ്‍ക്ലേവ് 2018 ല്‍ കോര്‍പ്പറേറ്റ് ഭീമന്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിന് വേണ്ട ചെലവ് മാത്രമാണ് ആകാശത്തിലൂടെ യാത്രചെയ്യാനും ആവുന്നുള്ളൂ. നഗരത്തില്‍ ഓട്ടോറിക്ഷയില്‍ ഒരു കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ നാല് രൂപയാണ് നല്‍കുന്നത്. ഇത്ര തന്നെയാണ് വിമാനത്തില്‍ യാത്ര ചെയ്യാനും ആവുന്നൊള്ളൂ. ആയിരക്കണക്കിന് കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിനാലാണ് വിമാന ടിക്കറ്റ് ഉയര്‍ന്നിരിക്കുന്നതെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ എന്നത്തേക്ക് എയര്‍ റിക്ഷ കൊണ്ടുവരാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. വിദേശ രാജ്യങ്ങളിലേത് പോലെ ഡ്രോണ്‍ ടെക്‌നോളജിയെ രാജ്യത്ത് കൂടുതല്‍ ഉപയോഗപ്പെടുത്തുമെന്നും സിന്‍ഹ പറഞ്ഞു.