കാര്‍ഷികമേഖലയില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടു?; ധനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ..
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th January 2018 03:44 PM |
Last Updated: 14th January 2018 03:44 PM | A+A A- |

ന്യൂഡല്‍ഹി: വരുന്ന ബജറ്റ് കര്‍ഷകാഭിമുഖ്യം പുലര്‍ത്തുന്നതായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കര്‍ഷകരോടുളള സമീപനം വ്യക്തമാക്കി ധനമന്ത്രി അരുണ്‍ ജെയ്റ്റലി. കര്‍ഷകര്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിച്ചില്ലായെങ്കില്‍ സാമ്പത്തിക വളര്‍ച്ച എത്ര ഉയരങ്ങള്‍ കീഴടക്കിയാലും നീതികരിക്കാന്‍ കഴിയില്ലെന്ന് അരുണ്‍ ജെയ്റ്റലി തുറന്നുപറഞ്ഞു. നേരത്തെ രാജ്യം സാമ്പത്തിക മുരടിപ്പ് നേരിടുന്നതായി അരുണ്‍ ജെയ്റ്റലി സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാര്‍ഷികാഭിമുഖ്യം വ്യക്തമാക്കുന്ന ധനമന്ത്രിയുടെ വാക്കുകള്‍ പുറത്തുവന്നത്. കാര്‍ഷികമേഖലയില്‍ ഉണര്‍വ് പ്രകടമാകാത്ത സാഹചര്യത്തില്‍ സാമ്പത്തികവളര്‍ച്ച സന്തുലിതമാണെന്ന്് പറയാന്‍ കഴിയില്ല. ഇതോടെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ബിജെപി ഭരണത്തില്‍ കാര്‍ഷികമേഖലയ്ക്ക് വേണ്ടത് ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് പറയാതെ പറയുകയായിരുന്നു അരുണ്‍ ജെയ്റ്റലി.
കാര്‍ഷികമേഖലയുടെ വളര്‍ച്ച സാധ്യമാക്കാന്‍ വരുന്ന ബജറ്റില്‍ കൃഷിക്ക് മുന്‍തൂക്കം നല്‍കും. കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്കായി ആനുകൂല്യങ്ങള്‍ അനുവദിക്കുമ്പോള്‍ , അത് മേഖലയില്‍ പ്രകടമാകണം. ഇതിന് ഉതകുന്ന തരത്തിലുളള നടപടികള്‍ ബജറ്റില്‍ സ്വീകരിക്കുമെന്നും അരുണ്‍ ജെയ്റ്റലി ഉറപ്പുനല്‍കി.
ചില മേഖലകളില്‍ ഉയര്‍ന്ന ഉല്‍പ്പാദനം നിമിത്തം ഉല്‍പ്പനങ്ങള്‍ക്ക് വില ലഭിക്കുന്നില്ല. കര്‍ഷകരാണ് ഇതിന്റെ ദുരിതം ഏറ്റവുമധികം നേരിടേണ്ടിവരുന്നത്. ഇതിന് പരിഹാരമെന്നോണം ചില നടപടികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഗുണം ചെറിയ രീതിയില്‍ പ്രകടമായെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് കര്‍ഷകര്‍ നല്‍കുന്ന സംഭാവനകള്‍ ഓര്‍മ്മപ്പെടുത്താനും അദ്ദേഹം മറന്നില്ല.
കഴിഞ്ഞ ദിവസം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച താഴുമെന്ന സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ അനുമാനം പുറത്തുവന്നിരുന്നു. നടപ്പുസാമ്പത്തികവര്‍ഷം രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച നാലുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലായ 6.5 ശതമാനമായി ചുരുങ്ങുമെന്നാണ് സിഎസ്ഒ പ്രവചിക്കുന്നത്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചാ നിരക്ക് 2.1 ശതമാനമായി താഴുമെന്നും സര്‍ക്കാര്‍ ഏജന്‍സി അനുമാനിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് അരുണ്‍ ജെയ്റ്റലിയുടെ പ്രതികരണം.