ഡാറ്റ വേണ്ട, മെസേജ് അയയ്ക്കാം; വാട്ട്‌സാപ്പിന് വെല്ലുവിളിയുമായി ഹൈക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th January 2018 03:19 PM |
Last Updated: 17th January 2018 03:19 PM | A+A A- |

ഇന്റര്‍നെറ്റ് ഡാറ്റയുടെ സഹായമില്ലാതെ സന്ദേശങ്ങള്‍ കൈമാറാനും പണമിടപാടുകള്‍ നടത്താനും ഉപഭോക്താക്കള്‍ക്ക് അവസരമൊരുങ്ങുന്നു. ടോട്ടല്‍ എന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനിലൂടെ ഹൈക്ക് മെസഞ്ചറാണ് ഇതിന് പിന്നില്‍.
യൂണിവേഴ്‌സല്‍ ട്രാന്‍സഫര്‍ പ്രോട്ടോകോള്‍ എന്ന വേര്‍ഷനാണ് ടോട്ടലില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ പ്രോട്ടോകോളിന്റെ പേറ്റന്റും ഹൈക്കിന് സ്വന്തം. റെയില്‍വേ ടിക്കറ്റ് അപ്‌ഡേറ്റ് നോക്കാനും സുഹൃത്തുക്കളുമായി പണമിടപാടുകള്‍ നടത്താനുമൊക്കെ ടോട്ടല്‍ വഴി സാധിക്കും.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മൊബൈല്‍ ഡാറ്റയ്ക്കായി അധികം പണം ചിലവാക്കേണ്ടി വരുന്നില്ലെങ്കിലും വളരെയധികം ആളുകള്‍ ഇന്നും ഡാറ്റാ സ്വന്തമാക്കാന്‍ സാധിക്കാത്തവരാണെന്നും ടോട്ടലിന്റെ ഫീച്ചേഴ്‌സ് വിശദീകരിച്ചുകൊണ്ട് സംസാരിക്കവേ ഹൈക്ക് സ്ഥാപകനും സിഇഒയുമായ കവിന്‍ മിത്താല്‍ പറഞ്ഞു. ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ് ഉപഭോക്താക്കള്‍ 400മില്ല്യണ്‍ ആളുകളാണെങ്കില്‍ അവരില്‍ പകുതി മാത്രമേ ദിവസവും ഓണ്‍ലൈനില്‍ വരുന്നൊള്ളു എന്നും ബാക്കിയ പകുതിയോളം വരുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ഹൈക്ക് ഈ പുതിയ ആശയം രൂപപ്പെടുത്തിയതെന്ന് കവിന്‍ പറഞ്ഞു.
ടോട്ടല്‍ ഓപറേറ്റിംഗ് സോഫ്റ്റ്‌വെയര്‍ അടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ വ്യാപകമാക്കാനാണ് കമ്പനിയുടെ ശ്രമം. ഇന്റെക്‌സ്, കാര്‍ബണ്‍ തുടങ്ങിയ മോബൈല്‍ നിര്‍മാതാക്കള്‍ ഇതിനോടകം തന്നെ ഇതില്‍ പങ്കാളികളായി കഴിഞ്ഞു. 2000താഴെ മാത്രമായിരിക്കും ഈ ഫോണുകള്‍ക്ക് വിലയെന്നും. മാര്‍ച്ചോടെ ഇത് കടകളില്‍ ലഭ്യമായി തുടങ്ങുമെന്നും കവിന്‍ പറഞ്ഞു.