സ്‌കോട്ട്‌ലന്‍ഡിലെ നൂറു വര്‍ഷത്തിലേറെ ചരിത്രമുള്ള ഹോട്ടല്‍ ഏറ്റെടുത്ത് ലുലു ഗ്രൂപ്പ്

എഡിന്‍ബര്‍ഗിലെത്തുന്ന വിദേശ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ കാലിഡോണിയനില്‍ പ്രശസ്തമായ രണ്ട് റസ്‌റ്റോറന്റുകളും ലോക പ്രശസ്തമായ ഗുയര്‍ലെയിന്‍ സ്പായുടെ യുകെയിലെ ഏക ശാഖയും പ്രവര്‍ത്തിക്കുന്നുണ്ട്
സ്‌കോട്ട്‌ലന്‍ഡിലെ നൂറു വര്‍ഷത്തിലേറെ ചരിത്രമുള്ള ഹോട്ടല്‍ ഏറ്റെടുത്ത് ലുലു ഗ്രൂപ്പ്

അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് വാള്‍ഡോര്‍ഫ് അസ്‌റ്റോറിയ കാലിഡോണിയന്‍ ഹോട്ടല്‍ ഏറ്റെടുത്തു. സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗിലുള്ള പൈതൃക ഹോട്ടല്‍ സമുച്ചയമാണ് ഇത്.  എഡിന്‍ബര്‍ഗ് പ്രിന്‍സ് സ്ട്രീറ്റിലാണ് ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്. 

120 ദശലക്ഷം അമേരിക്കന്‍ ഡോളറിനാണ് (ഏകദേശം 7,623,756,000 രൂപ) ലുലുവിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ ട്വന്റി 14 ഹോള്‍ഡിങ്‌സാണ്‌ ഹോട്ടല്‍ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ടലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 28 ദശലക്ഷം ഡോളര്‍ കൂടി ട്വന്റി 14 ഹോള്‍ഡിങ്‌സ് ചെലവിടും.
 
നൂറു വര്‍ഷത്തിലേറെ ചരിത്രമുള്ളതാണ് പ്രശസ്തമായ കാലിഡോണിയന്‍ ഹോട്ടലെന്നും ഇത് ഏറ്റെടുക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്നും ട്വന്റി 14 ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു. ലോകത്ത് ഇന്നുള്ള ഏറ്റവും അത്യാധുനിക സൗകര്യങ്ങളെല്ലാം ഇവിടെ എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കെട്ടിടത്തിന്റെ ശില്‍പ്പഭംഗിയും പാരമ്പര്യവും ചോരാതെയുള്ള നവീകരണപ്രവര്‍ത്തനങ്ങളാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും അദീപ് കൂട്ടിച്ചേര്‍ത്തു.

1903ല്‍ പ്രിന്‍സ് സ്ട്രീറ്റ് റെയില്‍വേ സ്‌റ്റേഷന്റെ ഭാഗമായി ആരംഭിച്ചതാണ് കാലിഡോണിയന്‍ ഹില്‍ട്ടണിന്റെ വാള്‍ഡോര്‍ഫ് അസ്‌റ്റോറിയയുടെ ഉടമസ്ഥതയിലായിരുന്നു ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്.  241 മുറികളുള്ള ഹോട്ടല്‍ എഡിന്‍ബര്‍ഗ് കോട്ടയുടെ അടുത്താണ് സ്ഥിതിചെയ്യുന്നത്. എഡിന്‍ബര്‍ഗിലെത്തുന്ന വിദേശ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ കാലിഡോണിയനില്‍ പ്രശസ്തമായ രണ്ട് റസ്‌റ്റോറന്റുകളും ലോക പ്രശസ്തമായ ഗുയര്‍ലെയിന്‍ സ്പായുടെ യുകെയിലെ ഏക ശാഖയും പ്രവര്‍ത്തിക്കുന്നുണ്ട്.

മസ്‌കറ്റിലെ 230 മുറികളുള്ള ഷെറാട്ടണ്‍ ഒമാന്‍, ദുബായിയിലെ സ്റ്റീഗന്‍ബര്‍ഗര്‍ ഹോട്ടല്‍ എന്നിവ ഉള്‍പ്പെടെ നിരവധി സംരംഭങ്ങള്‍ ട്വന്റി 14 ഹോള്‍ഡിങ്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുപുറമെ ലണ്ടന്‍ മെട്രോപോളിറ്റന്‍ പോലീസിന്റെ ആസ്ഥാനമായിരുന്ന പ്രശസ്തമായ ഗ്രേറ്റ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ അടുത്തിടെ ട്വന്റി 14 ഹോള്‍ഡിങ്‌സ് സ്വന്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com