45 രൂപയ്ക്ക് കൂടുതല്‍ മൈലേജ്; സംസ്ഥാനത്ത് സിഎന്‍ജി പമ്പുകള്‍ തുറക്കുന്നു

കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യാനാവുമെന്നതാണ് സിഎന്‍ജിയുടെ മേന്മ
45 രൂപയ്ക്ക് കൂടുതല്‍ മൈലേജ്; സംസ്ഥാനത്ത് സിഎന്‍ജി പമ്പുകള്‍ തുറക്കുന്നു

കൊച്ചി: സംസ്ഥാനത്ത് വാഹനങ്ങളില്‍ പ്രകൃതിവാതകം (സിഎന്‍ജി) നിറയ്ക്കുന്നതിനു സംവിധാനം വരുന്നു. എറണാകുളം ജില്ലയില്‍ സിഎന്‍ജി പമ്പുകള്‍ തുറക്കുന്നതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. ഫെബ്രുവരി ആദ്യത്തോടെ പമ്പുകള്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പെട്രോളിനേക്കാള്‍ വില കുറവും കൂടുതല്‍ മൈലേജ് ലഭിക്കുന്നതുമായ ഇന്ധനമാണ് സിഎന്‍ജി. കിലോയ്ക്ക് നാല്‍പ്പത്തിയഞ്ചിനും അന്‍പതിനും ഇടയിലാണ് വില. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് വില അന്തിമമായി തീരുമാനിക്കുക. പെട്രോളിനേക്കാള്‍ മുപ്പതു ശതമാനം ഇന്ധന ക്ഷമത സിഎന്‍ജിക്കുണ്ട്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യാനാവുമെന്നതാണ് സിഎന്‍ജിയുടെ മേന്മ. മലിനീകരണവും താരതമ്യേന കുറവാണ്. ഇതു കണക്കിലെടുത്ത് ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ നേരത്തെ തന്നെ ഹെവി വാഹനങ്ങള്‍ സിഎന്‍ജിയിലേക്കു മാറ്റിയിരുന്നു.

പെട്രോള്‍ എന്‍ജിനുള്ള വാഹനങ്ങള്‍ സിഎന്‍ജിയിലേക്കു മാറ്റുന്നതിന് പ്രത്യേക കിറ്റുകള്‍ ഘടിപ്പിക്കേണ്ടതുണ്ട്. 25,000 മുതല്‍ 60,000 രൂപ വരെയാണ് ഇതിനു ചെലവ്. നേരിട്ട് സി്എന്‍ജി ഉപയോഗിക്കാവുന്ന വാഹന മോഡലുകളും വിപണിയിലുണ്ട്. പെട്രോള്‍ മോഡലിനെ സിഎന്‍ജിയിലേക്കു മാറ്റുമ്പോള്‍ അക്കാര്യം ആര്‍ടിഒയെ അറിയിച്ച് ആര്‍സി ബുക്കില്‍ രേഖപ്പെടുത്തണം.

വല്ലാര്‍പാടം കണ്ടയ്‌നര്‍ റോഡ്, അമ്പാട്ടുകാവ്, മുട്ടം, കുണ്ടന്നൂര്‍ എന്നിവിടങ്ങളിലാണ് സിഎന്‍ജി പമ്പുകള്‍ തുറക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം ആന്‍ഡ് എസ്‌ക്‌പ്ലോസിവ്‌സ് സെഫ്റ്റി ഓര്‍ഗനൈസേഷന്റെ അനുമതി ലഭിക്കുന്നതോടെ പമ്പുകള്‍ പ്രവര്‍ത്തനം തുടങ്ങു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും അദാനി ഗ്യാസും ചേര്‍ന്ന കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com