ഇന്ത്യയില്‍ കൂടുതല്‍ വില്‍ക്കപ്പെടുന്നത് സാംസങ് ഫോണുകളല്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th January 2018 11:00 AM |
Last Updated: 25th January 2018 11:01 AM | A+A A- |
ഇന്ത്യയിലെ ഒന്നാം നമ്പര്‍ മൊബൈല്‍ കമ്പനി എന്ന സ്ഥാനം സാംസങിന് നഷ്ടമാകുന്നു. സാംസങിനെ പിന്തള്ളി ഷവോമി ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായി. ആറ് വര്‍ഷത്തില്‍ ആദ്യമായാണ് സാംസങിന് ഒന്നാം സ്ഥാനം നഷ്ടമാകുന്നത്.
താരമ്യേന വിപണിയിലേക്ക് പ്രവേശിച്ചിട്ട് അധികമാകാത്ത ഷവോമി 2017ലെ അവസാന പാദത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. സ്വതന്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ നടത്തിയ റിസേര്‍ച്ചിലാണ് സാസംസങിനെ ഷവോമി പിന്നിലാക്കി എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഷിപ്‌മെന്റ് അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളിലാണ് ഷവോമി സാംസങിനെ പിന്തള്ളിയത്.
2017ലെ നാലാം പാദത്തില്‍ ഷവോമിയുടെ വിപണി വിഹിതം 25 ശതമാനമാണ്. ഇതേ പാദത്തില്‍ സാംസങിന്റെത് 23 ശതമാനമായിരുന്നു. ലെനോവോ, ഒപ്പോ, വിവോ എന്നീ കമ്പനികളാണ് സാംസങിന് പിന്നിലുള്ളത്. ഏകദേശം ആറ് ശതമാനമാണ് ഇവരുടെ വിപണി വിഹിതം. എന്നാല്‍ 2017ല്‍ ഏറ്റവും വില്‍പ്പനയുള്ള മൊബൈല്‍ സാംസങ് തന്നെയെന്ന് ഗവേഷണത്തില്‍ പറയുന്നു. 2017ന്റെ തുടക്കത്തിലെ മികച്ച പ്രകടനമാണ് സാംസങിന് തുണയായത്.
2017ലെ നാലാം പാദത്തില്‍ ഷവോമി കയറ്റി അയച്ചത് 8.2 മില്ല്യണ്‍ സ്മാര്‍ട്ട്‌ഫോണുകളാണെന്നും ഇതേ പാദത്തില്‍ സാംസങ് കയറ്റി അയച്ചത് 7.3 മില്ല്യണ്‍ ഫോണുകളാണെന്നും റിസേര്‍ച്ചില്‍ പറയുന്നു.