ഫ്രാന്‍സിനെ മറികടന്നു, ഇന്ത്യ ആറാമത്തെ ലോക സമ്പദ് ശക്തി; നേട്ടത്തിന്റെ മുഴുവന്‍ ക്രെഡിറ്റും മോദി സര്‍ക്കാരിനെന്ന് ലോകബാങ്ക് 

അതിസമ്പന്നരായ ഫ്രാന്‍സിനെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ ലോകത്തെ ആറാമത്തെ സമ്പദ് ശക്തിയായി.
ഫ്രാന്‍സിനെ മറികടന്നു, ഇന്ത്യ ആറാമത്തെ ലോക സമ്പദ് ശക്തി; നേട്ടത്തിന്റെ മുഴുവന്‍ ക്രെഡിറ്റും മോദി സര്‍ക്കാരിനെന്ന് ലോകബാങ്ക് 

പാരീസ്: അതിസമ്പന്നരായ ഫ്രാന്‍സിനെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ ലോകത്തെ ആറാമത്തെ സമ്പദ് ശക്തിയായി. ലോകബാങ്കിന്റെ 2017ലെ പുതുക്കിയ പട്ടികയാണ് ഇപ്പോള്‍ പുറത്ത് വന്നത്. നോട്ടു നിരോധനം ഉള്‍പ്പെടെയുളള പരിഷ്‌ക്കരണ നടപടികളുടെ പേരില്‍ വിമര്‍ശനം നേരിടുന്ന മോദി സര്‍ക്കാരിന് ആശ്വാസം പകരുന്നതാണ് ഈ റിപ്പോര്‍ട്ട്.

ലോകബാങ്കിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉല്‍പാദനം (ജി.ഡി.പി) 2.59 ലക്ഷം കോടി ഡോളറാണ്.  ഈ കാലയളവില്‍ ഫ്രാന്‍സിന്റേത് 2.58 ലക്ഷം കോടി  ഡോളറാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈന, ജപ്പാന്‍, ജര്‍മ്മനി, ബ്രിട്ടണ്‍, അമേരിക്ക എന്നി രാജ്യങ്ങളാണ് ഇന്ത്യക്ക് തൊട്ടുമുകളില്‍. അമേരിക്കയാണ് ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ.

നേരത്തെ മന്ദഗതിയിലായിരുന്ന സമ്പദ്‌വ്യവസ്ഥ 2017 ജൂലായ്ക്ക് ശേഷം കുതിച്ചു കയറുകയായിരുന്നു. നിര്‍മാണ മേഖലയും ഉപഭോക്തൃ മേഖലയുമാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ചാലക ശക്തികളായി ലോകബാങ്ക് വിലയിരുത്തിയിരിക്കുന്നത്. നോട്ട് നിരോധനവും ജി.എസ്.ടിയും സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെങ്കിലും പിന്നീടുണ്ടായ തിരിച്ചുവരവിനേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 

ഈ വര്‍ഷം ഇന്ത്യ 7.4 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധിയുടെ അനുമാനം. 2019ല്‍ അത് 7.8 ശതമാനം ആകുമെന്നാണ് കണക്ക്. ഭവന പദ്ധതികള്‍ക്കുള്ള ചെലവിടലും നികുതി പരിഷ്‌കരണവുമാണ് ഈ വിലയിരുത്തലിന് അടിസ്ഥാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com