ആദായനികുതി പരിധിക്ക് പുറത്താണോ?, എന്നാലും റിട്ടേണ്‍ ഫയല്‍ ചെയ്യണം; കാരണങ്ങള്‍ ഇവയാണ്

പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവരും, ഫ്രീലാന്‍സായി പണിയെടുക്കുന്നവരും, അപ്രന്റീസ് ജോലി ചെയ്യുന്നവരുമെല്ലാമാണ് ഏറെക്കുറെ ആദായനികുതി പരിധിക്ക് പുറത്ത് നില്‍ക്കുന്നവര്‍.
ആദായനികുതി പരിധിക്ക് പുറത്താണോ?, എന്നാലും റിട്ടേണ്‍ ഫയല്‍ ചെയ്യണം; കാരണങ്ങള്‍ ഇവയാണ്

മുംബൈ: ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനെ കുറിച്ച് പറയുമ്പോള്‍ നെറ്റി ചുളുക്കുന്നവരാണ് പലരും. ശമ്പളവര്‍ധന ലഭിക്കാത്തതില്‍ ആശങ്കപ്പെടുമ്പോഴും വാര്‍ഷിക വരുമാനം രണ്ടരലക്ഷത്തില്‍ താഴെയായതിനാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ലല്ലോ എന്ന് പറഞ്ഞ് ആശ്വാസം കൊളളുന്നവരാണ് നമ്മുടെ ചുറ്റുമുളളവര്‍. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ് എന്ന വിശ്വാസം സമൂഹത്തില്‍ ആഴ്ന്നിറങ്ങിയിരിക്കുന്നതാണ് ഇതിന് പ്രധാന കാരണവും. 

പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവരും, ഫ്രീലാന്‍സായി പണിയെടുക്കുന്നവരും, അപ്രന്റീസ് ജോലി ചെയ്യുന്നവരുമെല്ലാമാണ് ഏറെക്കുറെ ആദായനികുതി പരിധിക്ക് പുറത്ത് നില്‍ക്കുന്നവര്‍. രണ്ടരലക്ഷത്തില്‍ താഴെയാണ് ഇവരുടെ വാര്‍ഷിക വരുമാനം എന്ന കാരണത്താല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് നിര്‍ബന്ധവുമില്ല. എന്നാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് കൊണ്ട് ഗുണങ്ങള്‍ ഏറേയാണ് എന്നതാണ് മറ്റൊരു വസ്തുത. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതു കൊണ്ടുളള ആറു നേട്ടങ്ങള്‍ ചുവടെ:

ബാങ്ക് വായ്പ

ജീവിതത്തില്‍ ഒരു വായ്പ എടുക്കാനെങ്കിലും ബാങ്കുകളെ സമീപിക്കാത്തവര്‍ ചുരുക്കമാണ്. ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയെല്ലാം ഇന്ന് സര്‍വ സാധാരണമാണ്. എന്നാല്‍ ഒരു വായ്പ എടുക്കാന്‍ പോകുന്ന ഒരു വ്യക്തിയോട് ബാങ്കുകാര്‍ ആദ്യം ചോദിയ്ക്കുന്ന ചോദ്യമിതാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍  നികുതി അടച്ച റിട്ടേണുകള്‍ എവിടെ?. കൃത്യമായി നികുതി അടയ്ക്കുന്ന വ്യക്തികളെ ബാങ്കുകള്‍ക്ക് വിശ്വാസമാണ്. വായ്പ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇത് ഏറേ സഹായകരമാണ് എന്ന് സാരം.

ക്രെഡിറ്റ് കാര്‍ഡ്

ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതിനും ആദായനികുതി റിട്ടേണുകള്‍ക്ക് വലിയ പങ്കുണ്ട്. നിലവില്‍ പ്രമുഖ ബാങ്കുകള്‍ എല്ലാം റിട്ടേണ്‍ ഫയല്‍ ചെയ്തതിന്റെ പകര്‍പ്പ് ആവശ്യപ്പെടുന്നുണ്ട്. 

അപകട ഇന്‍ഷുറന്‍സ് 

അപകട ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുമ്പോഴും ആദായനികുതി റിട്ടേണ്‍ ഇന്ന് പ്രസക്തമാകുകയാണ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ ആദായനികുതി അടച്ച കഴിഞ്ഞ മൂന്നുവര്‍ഷത്ത രേഖകള്‍ ആവശ്യപ്പെടുന്നത് ഇന്ന് നിത്യസംഭവമാണ്. 

സന്ദര്‍ശക വിസ

സന്ദര്‍ശ വിസ ലഭിക്കുന്നതിനും ആദായനികുതി റിട്ടേണ്‍ ഇന്ന് അനിവാര്യമായിരിക്കുകയാണ്. അമേരിക്ക, ബ്രിട്ടണ്‍, കാനഡ തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലേക്ക് സന്ദര്‍ശക വിസയില്‍ പോകണമെന്ന് വിചാരിച്ചാല്‍ ആദായനികുതി അടച്ചതിന്റെ രേഖകള്‍ കൈവശം വെയ്ക്കണമെന്ന് സാരം.

നഷ്ടം സംഭവിക്കുമ്പോള്‍

ബിസിനസ്സില്‍ നഷ്ടം സ്വാഭാവികമാണ്. ഈ നഷ്ടം ആദായനികുതി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താനും ഉത്തമ രേഖയായി നികുതി റിട്ടേണുകള്‍ മാറിക്കഴിഞ്ഞു. കൃത്യമായി നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന വ്യക്തിക്ക് നഷ്ടത്തിന്റെ ഗൗരവം എളുപ്പത്തില്‍ ആദായനികുതി ഉദ്യോഗസ്ഥരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സാധിക്കും

സംരംഭക മൂലധനം ലഭിക്കാന്‍

സ്റ്റാര്‍ട്ട് അപ്പുകളുടെ കാലമാണ് ഇപ്പോള്‍. ഒരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങണമെങ്കില്‍ മൂലധനം ആവശ്യമാണ്. ഇത്തരം ആവശ്യങ്ങള്‍ക്കായി ബാങ്കുകളെ സമീപിക്കുമ്പോഴും അവര്‍ ആവശ്യപ്പെടുന്ന മുഖ്യ രേഖയായി ആദായനികുതി റിട്ടേണുകള്‍ മാറി കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com