പൗഡര്‍ ഉപയോഗം കാന്‍സറിന് കാരണമായി; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 32,000 കോടി രൂപ പിഴ

ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച കേസിലാണ് വിധി
പൗഡര്‍ ഉപയോഗം കാന്‍സറിന് കാരണമായി; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 32,000 കോടി രൂപ പിഴ


വാഷിങ്ടണ്‍; പൗഡര്‍ ഉപയോഗം കാന്‍സര്‍ വരാന്‍ കാരണമായതിന്റെ പേരില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഭീമന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 32,000 കോടി രൂപയുടെ പിഴ ശിക്ഷ. അമേരിക്കന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച കേസിലാണ് വിധി. 

വ്യക്തി ശുചിത്വത്തിന് ഉപയോഗിച്ച കമ്പനിയുടെ ടാല്‍ക്കം പൗഡറാണ് കാന്‍സറിന് കാരണമായതെന്ന് പരാതിക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ 40 വര്‍ഷമായി തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ആസ്‌ബെറ്റോസിന്റെ സാന്നിദ്ധ്യം മറച്ചുവെക്കുകയായിരുന്നെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ മാര്‍ക്ക് ലാനിയര്‍ വ്യക്തമാക്കി. ഈ വിധി തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ആസ്ബറ്റോസ് അണ്ഡാശയ ക്യാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കമ്പനിയെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലാനിയര്‍ കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ആസ്‌ബെറ്റോസിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന കാര്യം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിഷേധിച്ചു. വിധി നിരാശാജനകമാണെന്നും കമ്പനി പ്രതികരിച്ചു. തങ്ങള്‍ നടത്തിയ പരിശോധനയില്‍ ആസ്ബറ്റോസിന്റെ അംശം കണ്ടെത്താനായില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. മാത്രമല്ല ആസ്ബറ്റോസ് കാന്‍സറിന് കാരണമാകില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. നേരത്തെയും സമാനമായ കേസുകളില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് കോടതി ഭീമന്‍ പിഴകള്‍ ചുമത്തിയിട്ടുണ്ട്. ആറാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവിലാണ് വിധി പ്രഖ്യാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com