'ഹോളോകാസ്റ്റ് നിഷേധകരെ ഫേസ്ബുക്കില്‍ നിന്നും പുറത്താക്കില്ല'; മാര്‍ക്ക് സക്കര്‍ബര്‍ഗ്‌ വീണ്ടും വിവാദത്തില്‍

'ഹോളോകാസ്റ്റ് നിഷേധകരെ ഫേസ്ബുക്കില്‍ നിന്നും പുറത്താക്കില്ല'; മാര്‍ക്ക് സക്കര്‍ബര്‍ഗ്‌ വീണ്ടും വിവാദത്തില്‍

മറ്റുള്ളവരെ ഉപദ്രവിക്കുന്നതിനോ ദ്രോഹിക്കുന്നതിനോ ഫേസ്ബുക്ക് ഒരു പ്ലാറ്റ്‌ഫോം ആക്കാത്തിടത്തോളം പേജുകളിലെ വിവരങ്ങള്‍ നീക്കം ചെയ്യില്ലെന്നും സക്കര്‍ബര്‍ഗ്‌

വാഷിംഗ്ടണ്‍: ഹോളോകാസ്റ്റ് നിഷേധകരെ ഫേസ്ബുക്കില്‍ നിന്നും പുറത്താക്കില്ലെന്ന മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വാക്കുകള്‍ വിവാദമാകുന്നു.ജൂതന്‍മാരെ നാടുകടത്തുക മാത്രമായിരുന്നു ഹിറ്റ്‌ലറുടെയും സംഘത്തിന്റെയും ലക്ഷ്യം. അല്ലാതെ ജൂതകൂട്ടക്കൊലകള്‍ നടത്തിയിട്ടില്ല എന്ന് വാദിക്കുന്നവരാണ് ഹോളോകാസ്റ്റ് നിഷേധികള്‍. ഇവരെ ഫേസ്ബുക്കില്‍ നിന്ന് ഒഴിവാക്കില്ലെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് ലോകവ്യാപകമായി പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. 

ഞാന്‍ ഒരു ജൂതനാണ്. ഹോളോകാസ്റ്റ് നടന്നിട്ടേയില്ല എന്ന് പറയുന്ന ഒരു വിഭാഗം ആളുകള്‍ ഉണ്ട്. അത്തരമൊരു വാദം തന്നെ അങ്ങേയറ്റം അപമാനകരമാണ്. പക്ഷേ ആ അഭിപ്രായമുള്ളവരെ ഫേസ്ബുക്ക് പുറത്താക്കില്ല എന്നായിരുന്നു സക്കര്‍ബര്‍ഗ് പറഞ്ഞത്.  ഡിനൈയേഴ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ നിന്നും അവരുടെ ഉദ്ദേശ്യം എന്താണ് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതിനാലാണ് പുറത്താക്കാത്തത് എന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ ഫേസ്ബുക്ക് ശ്രദ്ധിക്കാറുണ്ട്. മറ്റുള്ളവരെ ഉപദ്രവിക്കുന്നതിനോ ദ്രോഹിക്കുന്നതിനോ ഫേസ്ബുക്ക് ഒരു പ്ലാറ്റ്‌ഫോം ആക്കാത്തിടത്തോളം പേജുകളിലെ വിവരങ്ങള്‍ നീക്കം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമക്കി. അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്യാതെയുള്ള വിയോജിക്കലുകള്‍ക്ക് കൂടിയുള്ളതാണെന്നായിരുന്നു സക്കര്‍ബര്‍ഗിന്റെ അഭിപ്രായം.

എന്നാല്‍ ഇത്തരം വാദങ്ങളെ നീക്കം ചെയ്യാത്തതിലൂടെ പ്രോത്സാഹിപ്പിക്കുകയാണ് ഫേസ്ബുക്ക് ചെയ്യുന്നതെന്നാണ് പ്രധാനമായി ഉയരുന്ന വിമര്‍ശനം.ഹോളോകാസ്റ്റ് ഡിനൈയര്‍മാരെ പിന്തുണയ്ക്കുന്നത് വഴി ജൂതന്‍മാരോടും ചരിത്രത്തോടും തന്നെ ഫേസ്ബുക്ക് നീതികേടാണ് കാണിക്കുന്നതെന്നും ചിലര്‍ വിമര്‍ശനം ഉന്നയിച്ചു.

നേരത്തെ കേംബ്രിഡ്ജ് അനലറ്റിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഉപയോഗിച്ച സംഭവം വലിയ വിവാദമായിരുന്നു. ഈ സംഭവത്തില്‍ ഫേസ്ബുക്ക് പിന്നീട് പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com