രാജ്യത്തെ 25 ശതമാനം എടിഎമ്മുകളും തകരാറിലാക്കാനോ, തട്ടിപ്പിന് വിധേയമാക്കാനോ കഴിയുന്നതെന്ന് സര്‍ക്കാര്‍

74 ശതമാനം സാമ്പത്തിക ഇടപാട് നടത്തുന്നതും കാലഹരണപ്പെട്ട സോഫറ്റ് വെയര്‍ ഉപയോഗിച്ചാണെന്നും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി : രാജ്യത്തെ 25 ശതമാനം എടിഎമ്മുകളും എളുപ്പത്തില്‍ തകരാറിലാക്കാനും, സാമ്പത്തിക തട്ടിപ്പിന് വിധേയമാക്കാനും കഴിയുന്ന തരത്തിലുള്ളതാണെന്ന് സര്‍ക്കാര്‍. ഇതില്‍ ബഹുഭൂരിപക്ഷം എടിഎമ്മുകളും പൊതുമേഖലാ ബാങ്കുകളുടേതാണ്. 74 ശതമാനം സാമ്പത്തിക ഇടപാട് നടത്തുന്നതും കാലഹരണപ്പെട്ട സോഫറ്റ് വെയര്‍ ഉപയോഗിച്ചാണെന്നും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. 

ഇത്തരത്തിലുള്ള മിക്ക എടിഎമ്മുകളിലും അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ പോലും സജജീകരിച്ചിട്ടില്ല. സ്വകാര്യ മേഖലാ ബാങ്കുകളുടെ എടിഎമ്മുകളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഏതൊക്കെ ബാങ്കുകളുടേതാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയില്ല. 

രാജ്യത്തെ എടിഎമ്മുകളില്‍ 89 ശതമാനവും പൊതുമേഖലാ ബാങ്കുകളുടേതാണ്. സമീപകാലത്ത് സ്വകാര്യ ബാങ്കുകളുടെ പ്രവര്‍ത്തനം സജീവമായെങ്കിലും, 70 ശതമാനത്തോളം സാമ്പത്തിക ഇടപാടുകളും ഇപ്പോഴും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാങ്കുകളിലൂടെയാണ്. സമീപകാലത്തായി എടിഎം വഴിയുള്ള സാമ്പത്തിക തട്ടിപ്പിനെതിരെ ഉപഭോക്താക്കളുടെ പരാതി ഏറി വരികയാണ്. 

ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എടിഎംമ്മുകളിലെ സോഫ്റ്റ് വെയറുകള്‍ നിശ്ചിതസമയത്തിനകം അപ്‌ഗ്രേഡ് ചെയ്യുക, പരാതികള്‍ സമയബന്ധിതമായി പരിശോധിച്ച് നടപടി എടുക്കുക തുടങ്ങിയവയായിരുന്നു പ്രധാന നിര്‍ദേശങ്ങള്‍. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ ബാങ്കുകള്‍ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെയുള്ള കാലത്ത് ബാങ്കിംഗ് ഓംബുഡ്‌സ്മാന്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട് 25,000 ഓളം പരാതികളാണ് ലഭിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഈ കാലഘട്ടത്തില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ 861 കോടിയുടേതാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക തട്ടിപ്പും വളരെയേറെ നടന്നിട്ടുണ്ടാകുമെന്ന് സര്‍ക്കാര്‍ സൂചിപ്പിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com