'വേദനിപ്പിച്ചാരും വൈറലാവണ്ട' ; കുട്ടികളെ ഉപദ്രവിക്കുന്ന വീഡിയോകള്‍ക്ക് യൂട്യൂബിന്റെ വിലക്ക്

വൈറല്‍ വീഡിയോകള്‍ ഉണ്ടാക്കുന്നതിനായി മാതാപിതാക്കളുള്‍പ്പടെയുള്ളവര്‍ കുട്ടികളെ ഉപദ്രവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും കുട്ടികളെ വേദനിപ്പിച്ചുള്ള സന്തോഷങ്ങളോട് താത്പര്യമില്ലെന്നും യൂട്യൂബ്
'വേദനിപ്പിച്ചാരും വൈറലാവണ്ട' ; കുട്ടികളെ ഉപദ്രവിക്കുന്ന വീഡിയോകള്‍ക്ക് യൂട്യൂബിന്റെ വിലക്ക്

കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന ചാനലുകള്‍ക്ക് യൂട്യൂബ് വിലക്കേര്‍പ്പെടുത്തി.കുട്ടികളെ ദുരുപയോഗം ചെയ്യുന്നതായുള്ള വീഡിയോകള്‍ അപ്ലോഡ് ചെയ്താല്‍ അക്കൗണ്ടുടമയുടെ പേരിലുള്ള എല്ലാ വീഡിയോകളും നീക്കം ചെയ്യുമെന്നും യൂട്യൂബ് അറിയിച്ചു. 

വൈറല്‍ വീഡിയോകള്‍ ഉണ്ടാക്കുന്നതിനായി മാതാപിതാക്കളുള്‍പ്പടെയുള്ളവര്‍ കുട്ടികളെ ഉപദ്രവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും കുട്ടികളെ വേദനിപ്പിച്ചുള്ള സന്തോഷങ്ങളോട് താത്പര്യമില്ലെന്നും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിക്കൊണ്ടുള്ള കുറിപ്പില്‍ യൂട്യൂബ് വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നയങ്ങള്‍ രൂപീകരിക്കുന്നതിനായും നടപ്പിലാക്കുന്നതിനായും പ്രവര്‍ത്തിച്ചു വരികയാണെന്നും യൂട്യൂബ് അറിയിച്ചു.

യുഎസില്‍ നിന്നുള്ള യൂട്യൂബ് ചാനലായ ' ഫാമിലിഓഫൈവി'ന് വിലക്കേര്‍പ്പെടുത്തിയത് സംബന്ധിച്ച കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ യൂട്യൂബ് വെളിപ്പെടുത്തിയത്. വൈറല്‍ വീഡയോകള്‍ ചിത്രീകരിച്ച് ശ്രദ്ധ നേടുന്നതിനായി ചാനലുടമകളായ മൈക്കും ഹീതര്‍ മാര്‍ട്ടിനും അവരുടെ രണ്ട് മക്കളെ ദുരുപയോഗം ചെയ്തതായി തെളിഞ്ഞിരുന്നു.കുട്ടികളെ ഉപദ്രവിച്ച കുറ്റത്തിന് യുഎസ് കോടതി അഞ്ച് വര്‍ഷമാണ് ഇവരെ ശിക്ഷിച്ചത്. എന്നാല്‍ ഇവര്‍ അപ്ലോഡ് ചെയ്ത കുട്ടികളുടെ വീഡിയോകള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തിരുന്നില്ല. ഇതിനെതിരെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് ഇത്തരം വീഡിയോകള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com