മൊബൈല്‍ കമ്പനികളുടെ ഓഫര്‍ അധികനാളുണ്ടാകില്ല; ആറുമാസത്തിനുള്ളില്‍ നിരക്കുവര്‍ദ്ധന?

വോഡഫോണും ഐഡിയയും ഒന്നുചേര്‍ന്ന് ഒരു കമ്പനിയായി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ വിപണിയില്‍ മൂന്ന് പ്രധാന ശക്തികളുടെ സാന്നിദ്ധ്യമുണ്ടാകും 
മൊബൈല്‍ കമ്പനികളുടെ ഓഫര്‍ അധികനാളുണ്ടാകില്ല; ആറുമാസത്തിനുള്ളില്‍ നിരക്കുവര്‍ദ്ധന?

മൊബൈല്‍ സേവന നിരക്കുകളിലെ ഓഫറുകളുടെ കുത്തൊഴുക്കിന് അധികം ആയുസ്സുണ്ടാകില്ലെന്ന് എയര്‍ടെല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഗോപാല്‍ വിറ്റാല്‍. വോഡഫോണ്‍ ഐഡിയ എന്ന പുതിയ കമ്പനിക്ക് ടെലികോം മന്ത്രാലയം പച്ചക്കൊടി കാട്ടിയതോടെ വിപണിയില്‍ മൊബൈല്‍ സേവനങ്ങളുടെ നിരക്ക് വര്‍ദ്ധിക്കുമെന്ന് ഗോപാല്‍ വിറ്റാല്‍ അഭിപ്രായപ്പെട്ടു. മൂന്ന് തുല്യ ശക്തികള്‍ ടെലികോം രംഗത്ത് ഏറ്റുമുട്ടുന്നതോടെ നിലവില്‍ വിപണിയില്‍ കണ്ടുവരുന്ന നിരക്ക് നിര്‍ണയ രീതിയില്‍ മാറ്റമുണ്ടാകുമെന്നാണ് വിറ്റാലിന്റെ അഭിപ്രായം.

നിലവിലെ നിരക്ക് നിര്‍ണയ രീതി ടെലികോം രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയെല്ലാം ഒരുപോലെ ദോഷകരമായി ബാധിക്കുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. വരുമാനത്തില്‍ ഇതിനോടകം വലിയ ഇടിവു തന്നെയാണ് ടെലികോം രംഗം നേരിട്ടിട്ടുള്ളതെന്നും നിരക്ക് നിര്‍ണ്ണയം തന്നെയാണ് വിപണിയെ മോന്നോട്ട് നയിക്കുന്ന പ്രധാന ഘടകമെന്നും വിറ്റാല്‍ പറഞ്ഞു. പക്ഷെ നിലവിലെ നയങ്ങളുമായി ഏറെകാലം മുന്നോട്ടുപോയാല്‍ വരുമാനത്തില്‍ കൂടുതല്‍ ഇടിവ് അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോഡഫോണും ഐഡിയയും ഒന്നുചേര്‍ന്ന് ഒരു കമ്പനിയായി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ വിപണിയില്‍ മൂന്ന് പ്രധാന ശക്തികളുടെ സാന്നിദ്ധ്യമുണ്ടാകുമെന്നും അടുത്ത അഞ്ച് മുതല്‍ ആറ് മാസത്തിനുള്ളില്‍ നിരക്ക് വര്‍ദ്ധനയുണ്ടാകണമെന്നും വിറ്റാല്‍ പറഞ്ഞു. 

ഓഫറുകളുടെ കുത്തൊഴുക്കുമായി രണ്ട് വര്‍ഷം മുമ്പ് റിലയന്‍സ് ജിയോ ടെലികോം രംഗത്തേക്ക് കടന്നുവന്നതോടെയാണ് മൊബൈല്‍ സേവനങ്ങളുടെ നിരക്കില്‍ സാരമായ വ്യത്യാസങ്ങള്‍ കണ്ടത്. ജിയോയുടെ 4ജി ഫീച്ചര്‍ ഫോണുകള്‍ ഒരു ഭീഷണിയായി കാണുന്നില്ലെന്നും ശരിയായ ഉപഭോക്താക്കളെ കണ്ടെത്തുന്നതിലാണ് എയര്‍ടെല്‍ മുന്‍ഗണന നല്‍കുന്നതെന്നും വിറ്റാല്‍ പറഞ്ഞു. ഈ വര്‍ഷം രണ്ട് ദശലക്ഷം വീടുകളിലേക്കുകൂടി എയര്‍ടെല്ലിന്റെ ബ്രോഡ്ബാന്‍ഡ് സേവനം എത്തിക്കാനാണ് പദ്ധതി. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ നേരിട്ടുള്ള നിക്ഷേപങ്ങള്‍ കരുതലോടെയായിരിക്കും നടത്തുകയെന്നും വിറ്റാല്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com