നാലു പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കും; സ്വകാര്യമേഖലയ്ക്ക് കൈമാറാനും കേന്ദ്ര നീക്കം

പൊതുമേഖല ബാങ്കുകളായ ഐഡിബിഐ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, സെന്‍ട്രല്‍ ബാങ്ക്, ഐഡിബിഐ ബാങ്ക് ലിമിറ്റഡ് എന്നിവയെ ലയിപ്പിച്ച് ഒറ്റ ബാങ്കാക്കി മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്
നാലു പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കും; സ്വകാര്യമേഖലയ്ക്ക് കൈമാറാനും കേന്ദ്ര നീക്കം

ന്യൂഡല്‍ഹി: കിട്ടാക്കടം പരിഹരിക്കുന്നതിന്റെ പേരില്‍ നാലുപൊതുമേഖല ബാങ്കുകളെ ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ലയനം സാധ്യമായാല്‍ എസ്ബിഐയ്ക്ക് പിന്നില്‍ ഇന്ത്യയിലെ രണ്ടാമത്തെ ബാങ്കായി ഇത് മാറും. 

പൊതുമേഖല ബാങ്കുകളായ ഐഡിബിഐ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, സെന്‍ട്രല്‍ ബാങ്ക്, ഐഡിബിഐ ബാങ്ക് ലിമിറ്റഡ് എന്നിവയെ ലയിപ്പിച്ച് ഒറ്റ ബാങ്കാക്കി മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ ബാങ്കുകളുടെയെല്ലാം കിട്ടാക്കടം ഒന്നടങ്കം 21,000 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. കിട്ടാക്കടം പെരുകിയത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. 8237 കോടി രൂപയുടെ നഷ്ടമാണ് ഈ ബാങ്കുകള്‍ വരുത്തിയത്. ഈ പശ്ചാത്തലത്തിലാണ് കിട്ടാക്കടം പരിഹരിക്കുന്നതിന്റെ പേരില്‍ ബാങ്കുകളെ ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

ലയനത്തൊടൊപ്പം ബാങ്കുകളിലുളള സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം വെട്ടിക്കുറയ്ക്കാനും പദ്ധതിയുണ്ട്. 51 ശതമാനം ഓഹരികള്‍ വിറ്റഴിച്ച് സ്വകാര്യവത്കരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 

ബാങ്കുകളുടെ കീഴിലുളള ആസ്തികളുടെ കാര്യക്ഷമമായ പരിപാലനം ലയനത്തിലുടെ സാധ്യമാകുമെന്ന വിശ്വാസത്തിലാണ് കേന്ദ്രസര്‍ക്കാര്‍. നഷ്ടം വരുത്തുന്ന ശാഖകള്‍ അടച്ചുപൂട്ടാനും പരിപാടിയുണ്ട്. പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ബാങ്കുകളുടെ ലയനം ഉള്‍പ്പെടെയുളള വഴികള്‍ തേടാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നീക്കങ്ങള്‍ ശക്തമാക്കുകയാണ് കേന്ദ്രം.

കഴിഞ്ഞ വര്‍ഷം അഞ്ച് അസോസിയേറ്റ് ബാങ്കുകളെ മാതൃസ്ഥാപനമായ എസ്ബിഐയില്‍ ലയിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com