ഒപ്പെക്ക് എണ്ണ ഉല്‍പ്പാദനം കൂട്ടി, വിലയില്‍ താത്കാലിക ഇടിവ്, വിലക്കുറവ് നീണ്ടുനില്‍ക്കില്ലെന്ന് വിദഗ്ധര്‍

എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പ്രമുഖ എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക്ക് തയ്യാറായെങ്കിലും, വിപണിയില്‍ ഈ വര്‍ഷം ഇത് കാര്യമായി പ്രതിഫലിക്കില്ലെന്ന് റിപ്പോര്‍ട്ട്
ഒപ്പെക്ക് എണ്ണ ഉല്‍പ്പാദനം കൂട്ടി, വിലയില്‍ താത്കാലിക ഇടിവ്, വിലക്കുറവ് നീണ്ടുനില്‍ക്കില്ലെന്ന് വിദഗ്ധര്‍

സിംഗപ്പൂര്‍: ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ ആവശ്യപ്രകാരം എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പ്രമുഖ എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക്ക് തയ്യാറായെങ്കിലും, വിപണിയില്‍ ഈ വര്‍ഷം ഇത് കാര്യമായി പ്രതിഫലിക്കില്ലെന്ന് റിപ്പോര്‍ട്ട്. വിപണിയില്‍ എണ്ണയുടെ നിയന്ത്രണം ഭാവിയിലും തുടരുമെന്നും വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം അസംസ്‌കൃത എണ്ണ ഉല്‍പ്പാദനം വര്‍ധിച്ചതിന് പിന്നാലെ ആഗോളതലത്തില്‍ വില ഇടിഞ്ഞു തുടങ്ങി. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 1.5 ശതമാനം ഇടിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് താത്കാലികം മാത്രമായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് വിപണി വിദഗ്ധരുടെ പ്രവചനം.

വെനിസ്വല, അംഗോള എന്നി രാജ്യങ്ങളില്‍ അപ്രതീക്ഷിതമായി സംഭവിച്ച ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം വെട്ടിക്കുറയ്ക്കാന്‍ നിശ്ചയിച്ച പരിധിയിലും താഴെയ്ക്ക് എണ്ണ ഉല്‍പ്പാദനം ഇടിഞ്ഞു. ഇത് കണക്കിലെടുത്താണ് എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒപ്പെക്ക് തീരുമാനിച്ചത്. അതുകൊണ്ടുതന്നെ എണ്ണ ഉല്‍പ്പാദനത്തിലുണ്ടായ വര്‍ധന വിപണിയില്‍ കാര്യമായി പ്രതിഫലിക്കില്ലെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അസംസ്‌കൃത എണ്ണ വില ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചുകയറിയ പശ്ചാത്തലത്തിലാണ് എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ലോക രാജ്യങ്ങള്‍ ഒപ്പെക്കിനോട് ആവശ്യപ്പെട്ടത്. ഇതിന് അനുകൂലമായ നിലപാടാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ഒപ്പെക്ക് യോഗം സ്വീകരിച്ചത്. ഇത് ആശ്വാസകരമാകുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചു കൊണ്ടാണ് വിപണി വിദഗ്ധരുടെ പ്രവചനം. 

എണ്ണ ഉല്‍പ്പാദനം  വര്‍ധിപ്പിക്കാന്‍ ഒപ്പെക്ക് തീരുമാനിച്ചതിന് തൊട്ടുപിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില ഉയരുന്നതാണ് ദൃശ്യമായത്. പ്രതീക്ഷിച്ച ലഭ്യത വിപണിയില്‍ സാധ്യമാകാതിരുന്ന പശ്ചാത്തലത്തിലാണ് എണ്ണ വില വര്‍ധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com