പാചക വാതകം പൈപ്പ്‌ലൈന്‍ വഴി വീടുകളിലേക്ക്; പദ്ധതി കേരളത്തില്‍ ഏഴു ജില്ലകളില്‍ക്കൂടി

ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇതു നടപ്പാവുമെന്ന് പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് ചെയര്‍മാന്‍
പാചക വാതകം പൈപ്പ്‌ലൈന്‍ വഴി വീടുകളിലേക്ക്; പദ്ധതി കേരളത്തില്‍ ഏഴു ജില്ലകളില്‍ക്കൂടി

കൊച്ചി: പാചക വാതകം പൈപ്പ്‌ലൈന്‍ വഴി നേരിട്ടു വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ക്കൂടി നടപ്പാക്കും. ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇതു നടപ്പാവുമെന്ന് പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് ചെയര്‍മാന്‍ ഡികെ സരാഫ് പറഞ്ഞു.

വീടുകളിലേക്ക് പൈപ്പ് ലൈന്‍ മുഖേന പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതിയില്‍ പുതിയതായി 91 വിതരണ മേഖലകളെയാണ് പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഇതില്‍ പെടുന്നു. ഒപ്പം മാഹിയും ഈ വിതരണ മേഖലയുടെ ഭാഗമാണ്. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ മേഖലകളില്‍ സിറ്റി ഗ്യാസ് വിതരണ പദ്ധതി നടപ്പിലാക്കും.  കൊച്ചിയിലെ സിറ്റി ഗ്യാസ് വിതരണ പദ്ധതി തൃപ്തികരമായ രീതിയില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവന്തപുരം ജില്ലകളില്‍ നിലവിലെ സാഹചര്യത്തില്‍ വീടുകളിലേക്ക് പൈപ്പ് ലൈനിലൂടെ പാചകവാതകം എത്തിക്കാനാകില്ല. ഈ ജില്ലകളിലൂടെ പ്രധാന പൈപ്പ് ലൈന്‍ കടന്നു പോകാത്തതാണ് ഇതിനു കാരണമെന്നും സരാഫ് പറഞ്ഞു.

കൊച്ചിയിലെ സിറ്റി ഗ്യാസ് വിതരണ പദ്ധതി തൃപ്തികരമായ രീതിയില്‍ മുന്നോട്ട് പോകുന്നു. നഗരത്തില്‍ നാലു സിഎന്‍ജി സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ഇന്ത്യയിലെ 130 ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ സിറ്റി ഗ്യാസ് വിതരണ പദ്ധതി നടപ്പിലാക്കുന്നത്. ഇതില്‍ 102 ജില്ലകളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ നടത്തിപ്പിനുള്ള ഒന്‍പതാം ഘട്ട ടെന്‍ഡര്‍ അപേക്ഷകള്‍ അടുത്ത മാസം ആദ്യം വരെ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com