സ്വിസ് ബാങ്കിലേക്ക് വീണ്ടും ഇന്ത്യന്‍ നിക്ഷേപത്തിന്റെ കുത്തൊഴുക്ക്;  നിക്ഷേപത്തില്‍ 50.2 ശതമാന വര്‍ധന 

കള്ളപ്പണം ഇല്ലാതാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന്  കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതിനിടയിലാണ് സ്വിസ് ബാങ്ക് നിക്ഷേപത്തിലെ ഈ വര്‍ധന
സ്വിസ് ബാങ്കിലേക്ക് വീണ്ടും ഇന്ത്യന്‍ നിക്ഷേപത്തിന്റെ കുത്തൊഴുക്ക്;  നിക്ഷേപത്തില്‍ 50.2 ശതമാന വര്‍ധന 

ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍  50.2 ശതമാനത്തോളം വര്‍ധന. 2017ലെ കണക്കുകള്‍ പ്രകാരം നിക്ഷേപം 7,000 കോടി രൂപയായി. സ്വിസ് നാഷണല്‍ ബാങ്ക്  പുറത്തിറക്കിയ വാര്‍ഷികവിവരറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. 

3,200 കോടിയാണ് 2017ല്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ നിക്ഷേപമായി സ്വിസ് ബാങ്കിലെത്തിയത്. മറ്റുബാങ്കുകള്‍ 1,050 കോടിയും കടപ്പത്രമടക്കമുള്ളവ വഴി 2,640 കോടിയും സ്വിസ് ബാങ്കിലേക്കെത്തിയിട്ടുണ്ട്. മൂന്നുവര്‍ഷത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം കഴിഞ്ഞവര്‍ഷമാണ്  നിക്ഷേപം ഉയര്‍ന്നത്. കള്ളപ്പണം ഇല്ലാതാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന്  കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതിനിടയിലാണ് സ്വിസ് ബാങ്ക് നിക്ഷേപത്തിലെ ഈ വര്‍ധന. 

2016ല്‍ 45 ശതമാനം കുറഞ്ഞ് 4,500 കോടിയിലെത്തിയ ഇന്ത്യന്‍ നിക്ഷേപമാണ് 2017ല്‍ 50ശതമാനത്തിലധികം വര്‍ധന കാണിച്ചിരിക്കുന്നത്. ഇന്ത്യക്കാരുടെയും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. മറ്റുരാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ പേരില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചേക്കാവുന്ന തുകയുടെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. 

കള്ളപ്പണസാധ്യത പരിശോധിക്കാനായി ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ എന്ന സംവിധാനം വഴി ഇന്ത്യയുമായി വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തീരുമാനിച്ച് മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com