പെട്രോളിനേക്കാള്‍ ഇരുപതു രൂപ കുറവ്, ഉയര്‍ന്ന മൈലേജ്: സംസ്ഥാനത്തെ ആദ്യ സിഎന്‍ജി പമ്പ് ഇന്നു തുറക്കും

പെട്രോളിനേക്കാള്‍ ഇരുപതു രൂപ കുറവ്, ഉയര്‍ന്ന മൈലേജ്: സംസ്ഥാനത്തെ ആദ്യ സിഎന്‍ജി പമ്പ് ഇന്നു തുറക്കും
പെട്രോളിനേക്കാള്‍ ഇരുപതു രൂപ കുറവ്, ഉയര്‍ന്ന മൈലേജ്: സംസ്ഥാനത്തെ ആദ്യ സിഎന്‍ജി പമ്പ് ഇന്നു തുറക്കും

കൊച്ചി:  സംസ്ഥാനത്തെ റോഡ് ഗതാഗതത്തില്‍ വലിയ മാറ്റത്തിനു തുടക്കമിട്ട് ആദ്യ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) പമ്പുകള്‍ വ്യാഴാഴ്ച തുറക്കും. വൈകിട്ട് 4.30ന് കളമശേരി മുട്ടത്തെ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് സിഎന്‍ജി സ്‌റ്റേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. 

കുറഞ്ഞ വിലയും ഉയര്‍ന്ന ഇന്ധന ക്ഷമതയുമാണ് സിഎന്‍ജിയുടെ പ്രത്യേകതയെന്ന് അദാനി ഗ്യാസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ഒരു കിലോ സിഎന്‍ജിക്ക് 46.50 രൂപയാണ് വില. എന്‍ജിന് കൂടുതല്‍ പ്രവര്‍ത്തനക്ഷമതയും വാഹനത്തിന് മൈലേജും സിഎന്‍ജി നല്‍കും. പെട്രോളുമായി താരതമ്യംചെയ്യുമ്പോള്‍ ശരാശരി 60 ശതമാനവും ഡീസലുമായി താരതമ്യം ചെയ്യുമ്പോള്‍ 40 ശതമാനവും പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനാകുമെന്നാണ് കണക്കുകള്‍. 

ഇരുപത്തി അയ്യായിരം രൂപ മുതല്‍ അറുപതിനായിരം രൂപ വരെയാണ് നിലവില്‍ പെട്രോളില്‍ ഓടുന്ന വാഹനങ്ങള്‍ സിഎന്‍ജിയിലേക്കു മാറാന്‍ ചെലവു വേണ്ടിവരിക. ഇതിനായി പ്രത്യേക കിറ്റ് ഘടിപ്പിക്കുകയാണ് ചെയ്യുക. ഇത്തരത്തില്‍ കിറ്റ് ഘടിപ്പിച്ചാല്‍ ഇത് ആര്‍ടിഒയെ അറിയിക്കേണ്ടതുണ്ട്.

വില കുറവ്, ഉയര്‍ന്ന മൈലേജ് എന്നിവയ്‌ക്കൊപ്പം മലിനീകരണം കുറവാണ് എന്നതും സിഎന്‍ജിഎയുടെ പ്രത്യേകതയാണ്. 


മുട്ടത്തെ സ്റ്റേഷനു പുറമേ കളമശേരിഏലൂര്‍ കണ്ടെയ്‌നര്‍ റോഡ്, അമ്പാട്ടുകാവ്, കുണ്ടന്നൂര്‍ എന്നിവിടങ്ങളിലായി മൂന്ന് സിഎന്‍ജി സ്‌റ്റേഷനുകള്‍കൂടി തുറക്കുന്നുണ്ട്. ഈ സ്‌റ്റേഷനുകളുടെകൂടി ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ്വഴി മുഖ്യമന്ത്രി നിര്‍വഹിക്കും.

ഇന്ധനച്ചെലവും വാഹനത്തിന്റെ പ്രവര്‍ത്തനച്ചെലവും കുറഞ്ഞ, അന്തരീക്ഷമലിനീകരണമില്ലാത്ത പ്രകൃതിവാതകമാണ് സിഎന്‍ജിയെന്നതാണ് പ്രത്യേകത. കണ്ടെയ്‌നര്‍ റോഡില്‍ ഏലൂര്‍ സ്‌റ്റേഷനില്‍നിന്നാകും ആദ്യ സിഎന്‍ജി വിതരണം. മറ്റ് പമ്പുകള്‍ ഈ മാസം അവസാനത്തോടെ പ്രവര്‍ത്തനസജ്ജമാകും. സംസ്ഥാനത്ത് സിഎന്‍ജി ഉപയോഗിച്ചുള്ള ആദ്യ ബസ് സര്‍വീസിനും വ്യാഴാഴ്ച തുടക്കമാകും. ആലുവ ഡിപ്പോയില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസ് വൈറ്റിലവൈറ്റില റൂട്ടില്‍ സര്‍വീസ് നടത്തും.

ഇന്ത്യയില്‍ 15 സംസ്ഥാനങ്ങളില്‍ 80 നഗരങ്ങളിലായി സിഎന്‍ജി വാഹനങ്ങള്‍ നിരത്തിലുണ്ട്. പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്ലി (പിപിഎസി)ന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 1306 സിഎന്‍ജി സ്‌റ്റേഷനുകളുണ്ട്. 30,02,394 സിഎന്‍ജി വാഹനങ്ങളാണ് രാജ്യത്താകെ രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. ഉപയോക്താക്കള്‍ ഇപ്പോഴുള്ള വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറ്റുകയോ അത്തരം വാഹനങ്ങള്‍ വാങ്ങുകയോ ചെയ്യേണ്ടിവരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com