പഞ്ചസാരയ്ക്ക് മൂന്നു ശതമാനം സെസ് ചുമത്താന്‍ കേന്ദ്രനീക്കം ; സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ചു

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് രണ്ടു ശതമാനം നികുതി ഇളവ് നല്‍കാനും ജിഎസ്ടി കൗണ്‍സിലില്‍ നിര്‍ദേശം ഉയര്‍ന്നു
പഞ്ചസാരയ്ക്ക് മൂന്നു ശതമാനം സെസ് ചുമത്താന്‍ കേന്ദ്രനീക്കം ; സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ചു

തിരുവനന്തപുരം : പഞ്ചസാരയ്ക്ക് മൂന്നു ശതമാനം സെസ് ചുമത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സംസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് മാറ്റിവെച്ചു. പഞ്ചസാരയ്ക്ക് ഇപ്പോള്‍ അഞ്ചു ശതമാനമാണു നികുതി. സെസ് കൂടി ഏര്‍പ്പെടുത്തുന്നതോടെ അടിസ്ഥാന വിലയ്ക്കുമേല്‍ എട്ടു ശതമാനമാണു ജനങ്ങള്‍ നല്‍കേണ്ടി വരുക. കൂടാതെ ഡിജിറ്റല്‍ ഇടപാടു നടത്തുന്നവര്‍ക്ക് രണ്ടു ശതമാനം നികുതിയിളവു നല്‍കാനും ജിഎസ്ടി കൗണ്‍സിലില്‍ നിര്‍ദേശം ഉയര്‍ന്നു. രണ്ടു നിര്‍ദേശങ്ങളെയും കേരളം അടക്കമുള്ള ഏതാനും സംസ്ഥാനങ്ങള്‍ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ഇക്കാര്യത്തില്‍ പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിതല സമിതിയെ യോഗം ചുമതലപ്പെടുത്തി. 

ജിഎസ്ടി നിലവില്‍ വന്നപ്പോള്‍ എല്ലാവിധ സര്‍ചാര്‍ജുകളും സെസുകളും പുതിയ നികുതിയില്‍ ലയിപ്പിക്കുകയാണ് ചെയ്തത്. നഷ്ടപരിഹാര സെസ് അല്ലാതെ വേറെ ഒരു സെസും പാടില്ലെന്നായിരുന്നു ധാരണ. ഇതു മറികടന്നാണ് ഇപ്പോള്‍ പഞ്ചസാരയ്ക്കു മേല്‍ സെസ് ഏര്‍പ്പെടുത്തുന്നത്. പഞ്ചസാര മില്ലുകള്‍വഴി അവര്‍ക്ക് മെച്ചപ്പെട്ട വില നല്‍കാന്‍ വേണ്ടിയാണ് മൂന്നു ശതമാനം സെസ് ഏര്‍പ്പെടുത്തുന്നത്. ഈ നീക്കത്തെ പഞ്ചാബ്, പുതുച്ചേരി, തമിഴ്‌നാട്, ആന്ധ്ര, സംസ്ഥാനങ്ങള്‍ എതിര്‍ത്തു. 7,000 കോടി രൂപയാണ് സെസില്‍ നിന്നു കിട്ടുക. യുപിയിലും മറ്റും പഞ്ചസാരയ്ക്ക് വിലയില്ലാത്തതിനാല്‍ കര്‍ഷകര്‍ സമരത്തിന് ഒരുങ്ങുകയാണ്. 

ബില്ലടയ്ക്കുമ്പോഴും സാധനങ്ങള്‍ വാങ്ങുമ്പോഴുമുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് രണ്ടു ശതമാനം നികുതി ഇളവ് നല്‍കാനാണ് നിര്‍ദേശം. ഇങ്ങനെ ലഭിക്കുന്ന പരമാവധി ഇളവ് 100 രൂപയാണ്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഉപയോഗിക്കാത്തവര്‍ക്ക് ഈ തീരുമാനം ഗുണമുണ്ടാകില്ല. ഡിജിറ്റല്‍ ഇടപാടു നിരക്ക് കുത്തനെ താഴ്ന്നതിലുള്ള മാനക്കേട് മറയ്ക്കാനാണ് പുതിയ പരിഷ്‌കാരവുമായി കേന്ദ്രം എത്തിയിരിക്കുന്നതെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് ആരോപിച്ചു. നോട്ട് നിരോധനം വന്നപ്പോള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ 7.5 കോടിയില്‍ നിന്ന് 10.5 കോടിയായി ഉയര്‍ന്നു. എന്നാല്‍, ഇപ്പോള്‍ വീണ്ടും എട്ടു കോടിയിലേയ്ക്ക് താഴ്ന്നിരിക്കുകയാണ്. നോട്ട് നിരോധിച്ചപ്പോള്‍ നടക്കാത്തത് 100 രൂപയുടെ നികുതി ഇളവ് ഉണ്ടായാല്‍ സംഭവിക്കുമെന്ന് കരുതുന്നത് മൗഢ്യമാണെന്നും തോമസ് ഐസക്ക് പറഞ്ഞു. 

ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പണം അടുത്ത ആറു മാസംകൂടി ഇന്നത്തെ രീതിയില്‍ തുടരും. എന്നാല്‍, ജിഎസ്ടിആര്‍ 2, ജിഎസ്ടിആര്‍ 3 എന്നിവ ഉണ്ടാകില്ല. രണ്ടാം ഘട്ടത്തില്‍ പുതിയ ജിഎസ്ടിആര്‍ 1 വരും. ച​ര​ക്കു സേ​വ​ന നി​കു​തി പ്ര​കാ​രം ഒാ​രോ മാ​സ​വും ഒ​റ്റ റിട്ടേ​ൺ ഫ​യ​ൽ ചെ​യ്യു​ന്ന സം​വി​ധാ​നം ആ​റു മാ​സ​ത്തി​നു​ള്ളി​ൽ പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന്​ ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി ഹ​സ്​​മു​ഖ്​ അ​ധി​യ അ​റി​യി​ച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com