ഇന്ധന വില: മുഖം തിരിച്ച് കേന്ദ്ര സര്‍ക്കാര്‍, മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല

വില നിയന്ത്രിക്കാന്‍ നടപടികളുണ്ടാവുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിച്ചില്ല
ഇന്ധന വില: മുഖം തിരിച്ച് കേന്ദ്ര സര്‍ക്കാര്‍, മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല

ന്യൂഡല്‍ഹി: കുതിച്ചുയരുന്ന ഇന്ധന വില പിടിച്ചുനിര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ നീളുന്നു. വില നിയന്ത്രിക്കാന്‍ നടപടികളുണ്ടാവുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിച്ചില്ല.

രാജ്യാന്തര വിപണിയിലെ വില വര്‍ധനയുടെ ചുവടു പിടിച്ച് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുകയാണ്. സര്‍വകാല റെക്കോഡിലെത്തിയ പെട്രോള്‍ വില മുംബൈയില്‍ എണ്‍പത്തിയഞ്ചു രൂപയിലെത്തി. രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും എണ്‍പതു രൂപയാണ് വില. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടലിനായുള്ള മുറവിളികള്‍ ശക്തമായത്.

ഇന്ധന വില വര്‍ധന നിയന്ത്രിക്കാന്‍ നടപടികളുണ്ടാവുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരിഹാരം ഉടനെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായും വാര്‍ത്താലേഖകരോടു പറഞ്ഞു. ഇതോടെ ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ വില വര്‍ധന നിയന്ത്രിക്കാന്‍ നടപടികളുണ്ടാവുന്ന അഭ്യൂഹം ശക്തമായി. എന്നാല്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യാതെ പിരിയുകയായിരുന്നു. ഇന്ധന വില പിടിച്ചുനിര്‍ത്തുന്നതിന് ദീര്‍ഘകാല നടപടികളാണ് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ളതെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും മന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്താലേഖകരോടു പറഞ്ഞു.

വില പിടിച്ചുനിര്‍ത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി എക്‌സൈസ് തീരുവ കുറയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്നായിരുന്നു സുചനകള്‍. ഇക്കാര്യം പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പെട്രോളിയം മന്ത്രി പൊതുമേഖലാ എണ്ണക്കമ്പനി മേധാവികളുമായി ചര്‍ച്ച നടത്തുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

വില കുറയ്ക്കുന്നതിനോ വര്‍ധന മരവിപ്പിക്കുന്നതിനോ തങ്ങള്‍ക്കു നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് എണ്ണ കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കിയത്. കര്‍ണാടക തെരഞ്ഞെടുപ്പു വേളയില്‍ രണ്ടാഴ്ചയിലേറെ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കമ്പനികള്‍ വില മരവിപ്പിച്ചുനിര്‍ത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com