ഈസ്റ്റേണ്‍ എക്‌സ്പ്രസ് വേ; രാജ്യതലസ്ഥാനത്തെ തിളങ്ങുന്ന റോഡിനെക്കുറിച്ചറിയാം (വിഡിയോ) 

തലസ്ഥാനനഗരത്തെ അലട്ടുന്ന വായുമലിനീകരണം പകുതിയായി കുറയ്ക്കാന്‍ ഉപകരിക്കുമെന്ന വാഗ്ദാനവുമായി ഡല്‍ഹിയിലെ പുതിയ ഈസ്‌റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേ ഉദ്ഘാടനത്തിനൊരുങ്ങുന്നു
ഈസ്റ്റേണ്‍ എക്‌സ്പ്രസ് വേ; രാജ്യതലസ്ഥാനത്തെ തിളങ്ങുന്ന റോഡിനെക്കുറിച്ചറിയാം (വിഡിയോ) 

ലസ്ഥാനനഗരത്തെ അലട്ടുന്ന വായുമലിനീകരണം പകുതിയായി കുറയ്ക്കാന്‍ ഉപകരിക്കുമെന്ന വാഗ്ദാനവുമായി ഡല്‍ഹിയിലെ പുതിയ ഈസ്‌റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേ ഉദ്ഘാടനത്തിനൊരുങ്ങുന്നു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ ഡല്‍ഹി നഗരത്തിലേയ്ക്കുള്ള 50 ശതമാനം വാഹനങ്ങളെയും വഴിതിരിച്ചു വിടാനാകുമെന്നും ഇതുവഴി നഗരറോഡുകളിലെ വാഹനതിരക്ക് പകുതിയായി കുറയ്ക്കാനാകുമെന്നുമാണ് പ്രതീക്ഷ.

പതിനേഴ് മാസം എന്ന റെക്കോര്‍ഡ് വേഗത്തില്‍ ദേശീയപാതാ അതോറിറ്റിയുടെ കീഴില്‍ പണി പൂര്‍ത്തീകരിച്ച ഈസ്‌റ്റേണ്‍ പെരിഫറല്‍ എക്‌സപ്രസ് വേ 135 കിലോമീറ്റര്‍ നീളമുള്ള സിഗ്‌നല്‍ രഹിത അതിവേഗ പാതയാണ്. 2015നവംബറിലാണ് ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 11,000കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച പാത പൂര്‍ണ്ണമായി ഓട്ടോമേറ്റ് ചെയ്തിട്ടുള്ളതാണ്. ഖാസിയാബാദ്, ഫരീദാബാദ്, ഗ്രേറ്റര്‍ നോയിഡ, പല്‍വല്‍ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഹൈവേ.

പാതയിലേക്ക് പ്രവേശിക്കുന്നതും പുറത്തിറങ്ങുന്നതും നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലൂടെ മാത്രമാവും സാദ്ധ്യമാകുക. എല്ലാ പ്രവേശന മാര്‍ഗങ്ങളിലും വെയ്-ഇന്‍-മോഷന്‍ സംവിധാനം ആദ്യമായി അവതരിപ്പിച്ചിരിക്കുന്നതും ഈ പാതയിലാണ്. ട്രക്കുകളിലും മറ്റും അമിതഭാരം കയറ്റിയിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രയോജനം. അനുവദനീയമായതില്‍ കൂടുതല്‍ ഭാരം കയറ്റിവരുന്ന ട്രക്കുകള്‍ക്ക് എക്‌സ്പ്രസ് വേയുടെ വാതില്‍ തുറന്നുലഭിക്കില്ല. ഇത്തരം ട്രക്കുകള്‍ ഒരു എക്‌സിറ്റ് പോയിന്റിലേക്ക് നയിക്കപ്പെടുകയും പാര്‍ക്കിംഗിനായി ക്രമീകരിച്ചിരിക്കുന്ന ഇടത്തേക്ക് എത്തുകയും ചെയ്യും. ഒരേ സമയം നൂറ് ട്രക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ കഴിയും.  

എല്ലാ രണ്ട് കിലോമീറ്ററിലും സിസിടിവികള്‍ സ്ഥാപിച്ചിട്ടുള്ള എക്‌സ്പ്രസ് വേയില്‍ ക്രിമിനല്‍ സംഭവങ്ങള്‍ ഒഴിവാക്കാനായി ഓരോ 25കിലോമീറ്റര്‍ ദൂരത്തിലും പെട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 25കിലോമീറ്ററിനുള്ളില്‍ ആംബുലന്‍സ് വാനുകളും ലഭ്യമായിരിക്കും. പാതയിലെമ്പാടും ഇന്റലിജന്റ് ഹൈവേ ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (എച്ച്ടിഎംഎസ്), വീഡിയോ ഇന്‍സിഡന്റ് ഡിറ്റക്ഷന്‍ സിസ്റ്റം (വിഐഡിഎസ്), ക്ലോസ്ഡ് ടോളിങ് സിസ്റ്റം എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ടോള്‍ പ്ലാസയില്‍ ഇലക്‌ട്രോണിക് ടോള്‍ കളക്ഷന്‍ (ഇടിസി) രീതി ആയതിനാല്‍ ഗതാഗത തടസം ഉണ്ടാകുകയില്ല. കുറഞ്ഞ ദൂരം സഞ്ചരിച്ചാലും ഹൈവേയുടെ മുഴുവന്‍ ദൂരത്തിന്റെയും ടോള്‍ നല്‍കേണ്ടതില്ല എന്നതാണ് മറ്റൊരു പ്രത്യേകത. സഞ്ചരിച്ച ദൂരം മാത്രം കണക്കാക്കിയാണ് ഇവിടെ ടോള്‍ ശേഖരിക്കുന്നത്. എന്നാല്‍ സാധാരണ ടോളുകളെ അപേക്ഷിച്ച് ടോള്‍ ചാര്‍ജ്ജ് 25ശതമാനം അധികമായിരിക്കും. 

പരിസ്ഥിതി സൗഹൃദമായി നിര്‍മിച്ചിട്ടുള്ള എക്‌സ്പ്രസ് വേയില്‍ സോളാര്‍ സ്ട്രീറ്റ് ലൈറ്റുകളാണ് പ്രവര്‍ത്തിക്കുക. 2.5ലക്ഷം മരങ്ങളാണ് പതയില്‍ നട്ടിരിക്കുന്നത്. തുള്ളിനന (ഡ്രിപ്-ഇറിഗേഷന്‍) ഉപയോഗിച്ചാണ് ചെടികള്‍ നനയ്ക്കുന്നത്. ഇതോടൊപ്പം മഴവെള്ളം സംഭരിക്കാനും മാര്‍ഗമൊരുക്കിയിട്ടുണ്ട്.

50,000ത്തോളം ട്രക്കുകള്‍ എക്‌സ്പ്രസ് വേ ഉപയോഗപ്പെടുത്തുമെന്നും ഇത് നിലവില്‍ ശ്വാസം മുട്ടുന്ന ഡല്‍ഹിയിലെ റോഡുകളുടെയും അന്തരീക്ഷത്തിന്റെയും അവസ്ഥയില്‍ മാറ്റം കൊണ്ടുവരാന്‍ പ്രാപ്തമായിരിക്കുമെന്നുമാണ് കരുതപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com