കിടപ്പുമുറിയിലെ സംഭാഷണം റെക്കോഡ് ചെയ്ത് മറ്റൊരാള്‍ക്ക് അയച്ചു; ആമസോണ്‍ എക്കോ വിവാദക്കുരുക്കില്‍ 

ശബ്ദ നിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന ഉപകരണം ഉടമസ്ഥരറിയാതെ അവരുടെ ശബ്ദം രഹസ്യമായി റെക്കോഡ് ചെയ്ത് മറ്റൊരാള്‍ക്ക് അയക്കുകയായിരുന്നു
കിടപ്പുമുറിയിലെ സംഭാഷണം റെക്കോഡ് ചെയ്ത് മറ്റൊരാള്‍ക്ക് അയച്ചു; ആമസോണ്‍ എക്കോ വിവാദക്കുരുക്കില്‍ 

വീട്ടുപകരണങ്ങള്‍ ശബ്ദം വഴി നിയന്ത്രിക്കാന്‍ സഹായിക്കുന്ന ആമസോണിന്റെ എക്കോ സ്മാര്‍ട്ട് സ്പീക്കര്‍ വിവാദത്തില്‍. കിടപ്പുമുറിയില്‍ സ്ഥാപിച്ച എക്കോ ദമ്പതിമാരുടെ സംഭാഷണം പകര്‍ത്തി മറ്റൊരാള്‍ക്ക് അയച്ചു കൊടുത്തതാണ് വിവാദത്തിന് ഇടയാക്കിയത്. ശബ്ദ നിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന ഉപകരണം ഉടമസ്ഥരറിയാതെ അവരുടെ ശബ്ദം രഹസ്യമായി റെക്കോഡ് ചെയ്ത് മറ്റൊരാള്‍ക്ക് അയക്കുകയായിരുന്നെന്നാണ് ആരോപണം. 

വീട്ടിലെ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായാണ് അമേരിക്കയിലെ ഒറീഗണ്‍ സ്വദേശികളായ ദമ്പതികള്‍ ആമസോണ്‍ എക്കോ വീട്ടില്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍ ഇത് ഇവരുടെ സ്വകാര്യ സംഭാഷണം റെക്കോഡ് ചെയ്യുകയും കൊണ്‍ടാക്റ്റ് ലിസ്റ്റിലുള്ള മറ്റൊരാള്‍ക്ക് ശബ്ദസന്ദേശം അയയ്ക്കുകയുമായിരുന്നു. ഉടമസ്ഥന്റെ സഹപ്രവര്‍ത്തകനാണ് ഈ ശബ്ദസന്ദേശം ലഭിച്ചത്. ലഭിച്ചയുടന്‍ ഇയാള്‍ ഇതേക്കുറിച്ച് അറിയിക്കുകയും എക്കോ ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു. 

ഉപകരണം ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് തങ്ങള്‍ ആദ്യം സംശയിച്ചിരുന്നതെന്നും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉടന്‍ ആമസോണ്‍ അധികൃതരെ ബന്ധപ്പെടുകയായിരുന്നെന്നും ദമ്പതികള്‍ പറഞ്ഞു. എന്നാല്‍ സ്വകാര്യതയ്ക്ക് തങ്ങള്‍ ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഇപ്പോഴുണ്ടായിരിക്കുന്നത് അത്യപൂര്‍വമായ സംഭവമാണെന്നും പറഞ്ഞ് വളരെ നിസാരമായി തങ്ങളുടെ പരാതിയെ കണക്കാക്കുന്ന നടപടിയാണ് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ഇവര്‍ ആരോപിച്ചു. 

ദമ്പതിമാരുടെ സംഭാഷണം എക്കോ സ്പീക്കറിലെ അലെക്‌സ സ്മാര്‍ട് അസിസ്റ്റന്റ് സംവിധാനം നിര്‍ദ്ദേശങ്ങളായി തെറ്റിദ്ധരിക്കുകയാണുണ്ടായതെന്നാണ് ആമസോണ്‍ സംഭവത്തില്‍ നല്‍കിയിരിക്കുന്ന വിശദീകരണം. 'അലെക്‌സ' എന്ന് വിളിച്ച് സ്പീക്കറിനെ ആക്റ്റീവ് ആക്കുമ്പോഴാണ് ആമസോണ്‍ എക്കോ ശബ്ദനിര്‍ദ്ദേശങ്ങള്‍ പാലിച്ചുതുടങ്ങുന്നത്. ദമ്പതിമാരുടെ സംഭാഷണത്തിനിടയില്‍ അലെക്‌സ് എന്ന വാക്കിനോട് സമാനമായ വാക്കുകളെന്തെങ്കിലും കടന്നുവന്നിരിക്കാമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com