പെട്രോള്‍, ഡീസല്‍ വില അഞ്ചു രൂപ കുറഞ്ഞേക്കും, പുതിയ ഫോര്‍മുലയുമായി കേന്ദ്ര സര്‍ക്കാര്‍

പെട്രോള്‍, ഡീസല്‍ വില അഞ്ചു രൂപ കുറഞ്ഞേക്കും, പുതിയ ഫോര്‍മുലയുമായി കേന്ദ്ര സര്‍ക്കാര്‍
പെട്രോള്‍, ഡീസല്‍ വില അഞ്ചു രൂപ കുറഞ്ഞേക്കും, പുതിയ ഫോര്‍മുലയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില ചുരുങ്ങിയത് അഞ്ചു രൂപയെങ്കിലും കുറയ്ക്കാനുള്ള പരിപാടിയുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രം എക്‌സൈസ് തീരുവ കുറയ്ക്കുന്നതിനൊപ്പം സംസ്ഥാനങ്ങള്‍ നികുതി കുറവു വരുത്തുകയും എണ്ണ കമ്പനികള്‍ കമ്മിഷന്‍ ഇളവു ചെയ്യുകയും ചെയ്യുന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്നാണ് സൂചന.

ഉയരുന്ന ഇന്ധന വില പിടിച്ചുനിര്‍ത്താന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപടിയുണ്ടാവുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിക്കാതിരുന്നത് വിമര്‍ശനത്തിന് ഇടവച്ചിരുന്നു. ഇക്കാര്യം ആരാഞ്ഞ വാര്‍ത്താ ലേഖകരോട്, താല്‍ക്കാലിക നടപടിയല്ല സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നായിരുന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം.

എക്‌സൈസ് തീരുവയില്‍ കേന്ദ്ര സര്‍ക്കാര്‍ ചെറിയ കുറവു വരുത്തുകയും അതിനൊപ്പം വില്‍പ്പന നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടാനുമാണ് നീക്കമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എണ്ണ കമ്പനികളുടെ കമ്മിഷനില്‍ ചെറിയ കുറവു വരുത്തുക കൂടി ചെയ്യുന്നതോടെ നാലു മുതല്‍ അഞ്ചു രൂപ വരെയുള്ള കുറവ് ഉപഭോക്താക്കള്‍ക്കു നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അതേസമയം രാജ്യാന്തര എണ്ണ വില കുറഞ്ഞ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുവയില്‍ വരുത്തിയ വര്‍ധന പഴയ രീതിയില്‍ കൊണ്ടുവരണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആവശ്യം. ഇത് ഒഴിവാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com