ദേശീയതയുടെ പേരില്‍ മോദി റുപേ കാര്‍ഡിനെ പ്രോത്സാഹിപ്പിക്കുന്നു; സംരക്ഷിത നയത്തിനെതിരെ ട്രംപിന് മുന്‍പില്‍ പരാതിയുമായി മാസ്റ്റര്‍കാര്‍ഡ് 

തദ്ദേശീയ പേയ്‌മെന്റ് സംവിധാനമായ റുപേ കാര്‍ഡിനെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെതിരെ പ്രമുഖ കമ്പനിയായ മാസ്റ്റര്‍കാര്‍ഡ്
ദേശീയതയുടെ പേരില്‍ മോദി റുപേ കാര്‍ഡിനെ പ്രോത്സാഹിപ്പിക്കുന്നു; സംരക്ഷിത നയത്തിനെതിരെ ട്രംപിന് മുന്‍പില്‍ പരാതിയുമായി മാസ്റ്റര്‍കാര്‍ഡ് 

ന്യൂഡല്‍ഹി: തദ്ദേശീയ പേയ്‌മെന്റ് സംവിധാനമായ റുപേ കാര്‍ഡിനെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെതിരെ പ്രമുഖ കമ്പനിയായ മാസ്റ്റര്‍കാര്‍ഡ് അമേരിക്കന്‍ സര്‍ക്കാരിന് പരാതി നല്‍കി. ദേശീയതയുടെ പേരില്‍ റുപേ കാര്‍ഡിനെ മോദി പ്രോത്സാഹിപ്പിക്കുന്നത് വിദേശ പേയ്‌മെന്റ് കമ്പനികളെ ബാധിക്കുന്നതായി മാസ്റ്റര്‍കാര്‍ഡ് ആരോപിക്കുന്നു. ഇത് ആഗോളതലത്തില്‍ അതിവേഗം വളരുന്ന പേയ്‌മെന്റ് സംവിധാനമുളള ഇന്ത്യയിലെ കമ്പനിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് പരാതിയില്‍ മാസ്റ്റര്‍കാര്‍ഡ് ആശങ്കപ്പെടുന്നു.

അടുത്തകാലത്തായി ദേശീയതയുടെ പേരില്‍ തദ്ദേശീയ പേയ്‌മെന്റ് സംവിധാനമായ റുപേ കാര്‍ഡിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാജ്യത്ത് ഉപയോഗിക്കുന്ന 100 കോടി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ പകുതിയും റുപേ പേയ്‌മെന്റ് സംവിധാനം വഴിയാണ് പ്രവര്‍ത്തിക്കുന്നത്. അടുത്തകാലത്താണ് റുപേ പേയ്‌മെന്റ് സംവിധാനത്തിലേക്കുളള മാറ്റം ക്രമാതീതമായി ഉയര്‍ന്നത്. ഇത് മോദി സര്‍ക്കാരിന്റെ തദ്ദേശീയ വ്യവസായങ്ങളെ സംരക്ഷിക്കുന്ന നയത്തിന്റെ ഭാഗമാണ് എന്ന് ആരോപിച്ചാണ് മാസ്റ്റര്‍കാര്‍ഡ് അമേരിക്കന്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.ഇന്ത്യന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി തങ്ങളുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മാസ്റ്റര്‍കാര്‍ഡ് അമേരിക്കന്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.

റുപേ പേയ്‌മെന്റ് സംവിധാനം പ്രയോജനപ്പെടുത്തുന്നത് ഇന്ത്യയെ സേവിക്കുന്നതിന് തുല്യമാണ് എന്ന് മോദി പറഞ്ഞിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തുന്നതിന് ഈടാക്കുന്ന ഇടപാട് നിരക്ക് ഇന്ത്യയില്‍ തന്നെയാണ് ചെലവഴിക്കുന്നത്. ഇത് രാജ്യത്ത് കെട്ടിട്ടങ്ങളും റോഡുകളും ആശുപത്രികളും നിര്‍മ്മിക്കാന്‍ സഹായകമാകുമെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു. 

ഇന്ത്യയിലെ വിപണി സാധ്യത മുന്നില്‍ കണ്ട് 2014-2019 കാലയളവില്‍ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്താനാണ് മാസ്റ്റര്‍ കാര്‍ഡ് ലക്ഷ്യമിട്ടിരുന്നത്. 2000 ജീവനക്കാരാണ് മാസ്റ്റര്‍ കാര്‍ഡിനായി ഇന്ത്യയില്‍ പണിയെടുക്കുന്നത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം ജീവനക്കാര്‍ മാസ്റ്റര്‍കാര്‍ഡില്‍ ജോലി ചെയ്യുന്നത് ഇന്ത്യയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com