പഴയ വാഹനങ്ങളുടെ വിൽപ്പന : രജിസ്ട്രേഷൻ ചുമതല ഇനിമുതൽ വിൽക്കുന്നയാൾക്ക് ; നടപടികൾ ഇപ്രകാരം

കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ‘വാഹൻ’ എന്ന സോഫ്റ്റ്‌വേറിലേക്ക് ഓഫീസുകൾ മാറുന്നതോടെയാണ് പുതിയ രീതി നിലവിൽ വരുന്നത്
പഴയ വാഹനങ്ങളുടെ വിൽപ്പന : രജിസ്ട്രേഷൻ ചുമതല ഇനിമുതൽ വിൽക്കുന്നയാൾക്ക് ; നടപടികൾ ഇപ്രകാരം

തിരുവനന്തപുരം: സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങിയാൽ ഉടമസ്ഥാവകാശം സ്വന്തം പേരിലേക്ക് മാറ്റാനുള്ള വാങ്ങുന്നയാളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുന്നു. ഇതുവരെ വാങ്ങുന്നയാൾക്കായിരുന്ന ചുമതല കേന്ദ്രസർക്കാർ മാറ്റി. ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുമ്പോൾ അതിന്റെ രജിസ്ട്രേഷൻ മാറ്റേണ്ട ചുമതല ഇനി  മുതൽ വിൽക്കുന്ന ആൾക്കായിരിക്കും. കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ ‘വാഹൻ’ എന്ന സോഫ്റ്റ്‌വേറിലേക്ക് മോട്ടോർവാഹനവകുപ്പ് ഓഫീസുകൾ മാറുന്നതോടെയാണ് പുതിയ രീതി നിലവിൽ വരുന്നത്. 

വാങ്ങുന്നയാൾ അപേക്ഷ നൽകിയില്ലെങ്കിൽ ഉടമസ്ഥാവകാശം പഴയ ഉടമയുടെ പേരിൽ തുടരുന്ന അവസ്ഥയാണ് നിലനിന്നിരുന്നത്. ഇൻഷുറൻസില്ലാതെ അപകടത്തിൽപ്പെടുകയോ കുറ്റകൃത്യങ്ങൾക്കായി വാഹനം ഉപയോഗിക്കുകയോ ചെയ്താൽ പഴയഉടമ ഉത്തരവാദിത്വം വഹിക്കേണ്ടിവരും. നികുതികുടിശ്ശിക ഈടാക്കാൻ ഉടമയുടെ പേരിൽ റവന്യൂ റിക്കവറിവരെ ഉണ്ടാകും. പുതിയ സംവിധാനം വരുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകുകയാണ്. 

വാഹനം വിൽക്കുമ്പോൾ ഉടമയ്ക്ക് രജിസ്‌ട്രേഷൻ രേഖകൾ അതത് മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽ സമർപ്പിക്കാം. പുതിയ ഉടമയുടെ ആധാർ വിവരങ്ങൾ, മൊബൈൽ ഫോൺ നമ്പർ എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കിയശേഷം അപേക്ഷകന് തിരിച്ചുനൽകും. വാഹനത്തിന്റെ രേഖകൾ മോട്ടോർ വാഹനവകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ പുതിയ ഉടമ താമസിക്കുന്ന സ്ഥലത്തെ മോട്ടോർവാഹനവകുപ്പ് ഓഫീസിലേക്ക് കൈമാറും.

അപേക്ഷ സ്വീകരിക്കുമ്പോൾ പുതിയ ഉടമയുടെ മൊബൈൽ നമ്പറിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് അയയ്ക്കും. ഈ നമ്പർ കൈമാറിയാൽ മാത്രമേ ഓഫീസ് നടപടിക്രമങ്ങൾ പൂർത്തിയാകൂ. ഒരാൾ അറിയാതെ അയാളുടെ പേരിലേക്ക് വാഹന രജിസ്‌ട്രേഷൻ മാറ്റുന്നത് ഒഴിവാക്കാനാണ് ഈ സംവിധാനം. പുതിയ ഉടമയ്ക്ക് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് തപാലിൽ ലഭിക്കുകയും ചെയ്യും.

തിരുവനന്തപുരത്തെ ആറ്റിങ്ങൽ, കഴക്കൂട്ടം, കാട്ടാക്കട ഓഫീസുകളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ സോഫ്റ്റ്‌വേർ പ്രവർത്തിച്ച് തുടങ്ങും. മറ്റു ഓഫീസുകളിലേക്കും ഒരുമാസത്തിനുള്ളിൽ ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com