സെയില്‍സ് എക്‌സിക്യൂട്ടീവുകളുടെ 'അടിമപ്പണി' അവസാനിപ്പിച്ച് കേന്ദ്രം; ദിവസം ഒന്‍പതുമണിക്കൂര്‍ ജോലി, അധികസമയത്തിന് രണ്ടിരട്ടി വേതനം

സെയില്‍സ് പ്രമോഷന്‍ ജീവനക്കാരുടെ തൊഴില്‍സമയം ദിവസം 9 മണിക്കൂറില്‍ കൂടരുതെന്ന് തൊഴില്‍മന്ത്രാലയം
സെയില്‍സ് എക്‌സിക്യൂട്ടീവുകളുടെ 'അടിമപ്പണി' അവസാനിപ്പിച്ച് കേന്ദ്രം; ദിവസം ഒന്‍പതുമണിക്കൂര്‍ ജോലി, അധികസമയത്തിന് രണ്ടിരട്ടി വേതനം

ന്യൂഡല്‍ഹി : സെയില്‍സ് പ്രമോഷന്‍ ജീവനക്കാരുടെ തൊഴില്‍സമയം ദിവസം 9 മണിക്കൂറില്‍ കൂടരുതെന്ന് തൊഴില്‍മന്ത്രാലയം. സാധാരണ വേതനത്തിന്റെ രണ്ടിരട്ടിയെങ്കിലും അധികസമയ വേതനമായി നല്‍കണമെന്നും വ്യവസ്ഥ ചെയ്യുന്ന കരടുവിജ്ഞാപനം തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചു. നിബന്ധനകള്‍ക്ക് അനുസൃതമായി തൊഴിലിടസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. ജോലിസമയം എപ്പോള്‍ തുടങ്ങി എപ്പോള്‍ അവസാനിക്കുന്നുവെന്നു തൊഴിലുടമ വ്യക്തമാക്കണമെന്നും കരടുവിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

ഒരാഴ്ചത്തെ പ്രവൃത്തിസമയം 48 മണിക്കൂറില്‍ കൂടരുതെന്നും ഒരു ദിവസത്തെ പരമാവധി പ്രവൃത്തിസമയം പത്തര മണിക്കൂര്‍ ആയിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. 50 ലേറെ ജോലിക്കാരുള്ള സ്ഥാപനങ്ങളില്‍ കുട്ടികളെ പരിപാലിക്കാന്‍ സൗകര്യമേര്‍പ്പെടുത്തണം.തൊഴില്‍ കേന്ദ്രത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശുചിമുറി ഒരുക്കണം. നൂറിലേറെ ജോലിക്കാരുണ്ടെങ്കില്‍ കാന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും കരടുവിജ്ഞാപനത്തില്‍ പറയുന്നു. 

ജോലിക്കാവശ്യമായ വസ്ത്രം,പാദരക്ഷ, വെള്ളക്കുപ്പി, കുട, മഴക്കോട്ട്, തണുപ്പുകാലത്തു ജാക്കറ്റ് എന്നിവ ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്. ഈ നിബന്ധന പാലിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ള തൊഴിലുടമകള്‍ പകരം പണം നല്‍കണമെന്നും കരടുവിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com