മടക്കിയാല്‍ സ്മാര്‍ട്ട്‌ഫോണ്‍, തുറന്നാല്‍ ടാബ്ലറ്റ്; വിപണി തിരിച്ചു പിടിക്കാന്‍ സാംസങ് എത്തുന്നു (വീഡിയോ) 

അടഞ്ഞിരിക്കുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ പോലെയും തുറന്നാല്‍ 7.3 ഇഞ്ച് ഡിസ്‌പ്ലേയുള്ള നോട്ട് ബുക്ക് പോലെയുമാണ് സാംസങിന്റെ പുതിയ ഡിവൈസ്
മടക്കിയാല്‍ സ്മാര്‍ട്ട്‌ഫോണ്‍, തുറന്നാല്‍ ടാബ്ലറ്റ്; വിപണി തിരിച്ചു പിടിക്കാന്‍ സാംസങ് എത്തുന്നു (വീഡിയോ) 

മുംബൈ:  സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുത്തന്‍ തരംഗം തീര്‍ക്കാന്‍ മടക്കുന്ന ഫോണുമായി സാംസങ് രംഗത്ത്. ഒരേ സമയം ഫോണായും ടാബ്ലറ്റായും ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ബുധനാഴ്ച സന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന സോഫ്റ്റ് വെയര്‍ ഡവലപ്പര്‍മാരുടെ കോണ്‍ഫറന്‍സിലാണ് കമ്പനി ഫോണിന്റെ പ്രിവ്യൂ പുറത്ത് വിട്ടത്.  ഫോണിലേക്ക് വേണ്ടി ആപ്ലിക്കേഷനുകള്‍ ക്ഷണിച്ചു കൊണ്ടാണ് 'ഇന്‍ഫിനിറ്റി ഫ്‌ളക്‌സ്‌ ഡിസ്‌പ്ലേ' എന്ന പേരില്‍ വീഡിയോ അവതരിപ്പിച്ചത്.

 അടഞ്ഞിരിക്കുമ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ പോലെയും തുറന്നാല്‍ 7.3 ഇഞ്ച് ഡിസ്‌പ്ലേയുള്ള നോട്ട് ബുക്ക് പോലെയുമാണ് സാംസങിന്റെ പുതിയ ഡിവൈസ് ഇരിക്കുക. ഇതുവരെ കമ്പനി പുറത്ത് വിട്ടിട്ടുള്ളതില്‍ ഏറ്റവും വലിയ സ്‌ക്രീന്‍ ഇത് തന്നെയാണ്. ഗ്യാലക്‌സി നോട്ട് 9 ന്റെ ഫീച്ചറുകള്‍ എന്തായാലും ഫോണിലുണ്ടായിരിക്കും. ടാബും സ്മാര്‍ട്ട്‌ഫോണും ഒന്നിക്കുന്ന ടാബോഫോണിന്റെ പേര്, വില, വിപണിയിലെത്തുന്നത് തുടങ്ങിയ വിവരങ്ങള്‍ കമ്പനി ഇതുവരേക്കും പുറത്ത് വിട്ടിട്ടില്ല. 

 മടക്കുന്ന ഫോണില്‍ പരീക്ഷണം അവസാനിപ്പിക്കുന്നില്ലെന്നും ചുരുട്ടാനും വലിച്ച് നീട്ടാനും കഴിയുന്ന ഫോണുകള്‍ പുറത്തിറക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി പരിശ്രമിക്കുകയാണെന്നും സാംസങ് വ്യക്തമാക്കി.

 അടുത്ത വര്‍ഷം ജൂലൈയോടെ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് ബ്ലൂംബര്‍ഗിന്റെ പ്രവചനം. വരുന്ന മാസങ്ങളില്‍ വലിയ തോതില്‍ ഫോണ്‍ ഉത്പാദനം ആരംഭിക്കുമെന്ന കാര്യം സാംസങ്ങും സ്ഥിരീകരിച്ചിട്ടുണ്ട്. 

 ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണെന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത് സാംസങ്ങല്ല. കഴിഞ്ഞ വര്‍ഷം ഇസഡ്ടിസി കോര്‍പ്. ആശയവുമായി രംഗത്തെത്തിയെങ്കിലും മോശം പ്രതികരണമാണ് ലഭിച്ചത്. ഈ ആഴ്ച ആദ്യം ചൈനീസ് കമ്പനിയായ റൊയോള്‍ മടക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com