നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യയെ പിന്നോട്ടുവലിച്ചു; ബിജെപി സര്‍ക്കാരിന്റെ അധികാര കേന്ദ്രീകരണം രാജ്യത്തിന് നല്ലതല്ലെന്ന് രഘുറാം രാജന്‍

നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടുവലിച്ചതായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍
നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യയെ പിന്നോട്ടുവലിച്ചു; ബിജെപി സര്‍ക്കാരിന്റെ അധികാര കേന്ദ്രീകരണം രാജ്യത്തിന് നല്ലതല്ലെന്ന് രഘുറാം രാജന്‍

വാഷിംഗ്ടണ്‍: നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടുവലിച്ചതായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. നിലവിലെ ഏഴു ശതമാനം വളര്‍ച്ച രാജ്യത്തിന്റെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രധാന തീരുമാനങ്ങളിലുളള അധികാര കേന്ദ്രീകരണമാണ് രാജ്യത്തിന്റെ മുഖ്യ പ്രശ്‌നമെന്നും അദ്ദേഹം യുഎസില്‍ ചൂണ്ടിക്കാട്ടി. 

വെള്ളിയാഴ്ച യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2012 മുതല്‍ 2016 വരെ ഇന്ത്യ അതിവേഗം വളരുകയായിരുന്നു. നോട്ടു നിരോധനവും ജിഎസ്ടിയും ഇന്ത്യയുടെ വളര്‍ച്ചയെ ഗുരുതരമായി തന്നെ ബാധിച്ചു. ആഗോള സമ്പദ് വ്യവസ്ഥ കൂടുതല്‍ ഉയരത്തിലേക്കു പോയപ്പോഴായിരുന്നു ഇന്ത്യയുടെ വീഴ്ച അദ്ദേഹം പറഞ്ഞു.

തളര്‍ച്ചയില്‍ നിന്ന് രാജ്യം മാറുമ്പോഴും എണ്ണവില മറ്റൊരു പ്രശ്‌നമാണ്. ഇന്ധന ഇറക്കുമതിക്ക് പ്രതിവര്‍ഷം ഇന്ത്യ വന്‍തുകയാണു ചെലവഴിക്കുന്നതെന്നും രഘുറാം രാജന്‍ വ്യക്തമാക്കി. ശരിയായ സാമ്പത്തിക വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കുകയായിരുന്നു നോട്ട് നിരോധനത്തിന്റെ ലക്ഷ്യമെന്ന്  കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രഘുറാം രാജന്റെ വിമര്‍ശനം.

സുപ്രധാന തീരുമാനങ്ങളിലുളള അധികാര കേന്ദ്രീകരണമാണ് രാജ്യത്തിന്റെ മുഖ്യ പ്രശ്‌നം. കേന്ദ്രീകരണ സ്വഭാവത്തില്‍ നിന്നുകൊണ്ട് മുന്നോട്ടുപോകാന്‍ ഇന്ത്യക്ക് സാധിക്കില്ല. നിരവധി ആളുകളുടെ കൂട്ടായ പ്രയത്‌നമുണ്ടെങ്കില്‍ മാത്രമേ നേട്ടം ഉണ്ടാക്കാന്‍ സാധിക്കൂ. ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ കേന്ദ്രീകരണ സ്വഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com