ഡാറ്റാ ചോര്‍ച്ച: ഫേസ്ബുക്കിനെ 22 അംഗ കമ്മിറ്റി ചോദ്യം ചെയ്യും 

ഏഴ് രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള 22പേരടങ്ങുന്ന കമ്മറ്റിയെയാണ് ഫേസ്ബുക്ക് പ്രതിനിധിക്ക് നേരിടേണ്ടിവരിക
ഡാറ്റാ ചോര്‍ച്ച: ഫേസ്ബുക്കിനെ 22 അംഗ കമ്മിറ്റി ചോദ്യം ചെയ്യും 

സന്‍ഫ്രാന്‍സിസ്‌കോ: ഡാറ്റാ ചോര്‍ച്ച വിവാദത്തില്‍ ഫേസ്ബുക്കിനെ 22 അംഗ കമ്മിറ്റി ചോദ്യം ചെയ്യും. ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങളടക്കം ചോര്‍ത്തിയതും ഓണ്‍ലൈനിലൂടെയുള്ള വ്യാജ വാര്‍ത്താ പ്രചരണവുമടക്കം ഉയരുന്ന ആരോപണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഫേസ്ബുക്കില്‍ നിന്ന് വിശദീകരണം തേടുന്നത്. ഏഴ് രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള 22പേരടങ്ങുന്ന കമ്മറ്റിയെയാണ് ഫേസ്ബുക്ക് പ്രതിനിധിക്ക് നേരിടേണ്ടിവരിക. ബ്രിട്ടന്‍, അര്‍ജന്റീന, ബ്രസീല്‍, കാനഡ, ഐയര്‍ലാന്‍ഡ്, ലാത്വിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് അടുത്ത ആഴ്ച ഫേസ്ബുക്കുമായി സംവാദത്തിന് എത്തുന്നത്. 

യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിലെ ഫേസ്ബുക്കിന്റെ പോളിസി വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് അലന്‍ ആണ് കമ്പനിയുടെ ഔദ്യോഗിക പ്രതിനിധിയായി 22അംഗ സംഘത്തെ നേരിടുക. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് കമ്മറ്റിക്ക് മുന്നില്‍ തെളിവുകള്‍ നിരത്തണമെന്നാണ് ആവശ്യപ്പെട്ടതെങ്കിലും ഫേസ്ബുക്ക് ഇത് അംഗീകരിച്ചില്ല. സക്കര്‍ബര്‍ഗിന് പകരം റിച്ചാര്‍ഡ് അലന്‍ കമ്മറ്റിക്ക് മുന്നില്‍ എത്തുമെന്ന് അറിയിക്കുകയായിരുന്നു. ഇത് കമ്മറ്റി അംഗീകരിച്ചതോടെയാണ് സംവാദത്തിന് കളമൊരുങ്ങിയത്. 

റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള ഒരു പിആര്‍ ഏജന്‍സിയെ ഫേസ്ബുക്ക് നിയമിച്ചതുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു കമ്മറ്റി രൂപീതകരിക്കപ്പെട്ടത്. കമ്പനിക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ ചെറുക്കുന്നതിനും എതിരാളികള്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കാനുമാണ് പിആര്‍ ഏജന്‍സിയെ നിയമിച്ചതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. 

ഇതോടെ ഫേസ്ബുക്ക് ചെയര്‍മാന്‍ സ്ഥാനം സുക്കര്‍ബര്‍ഡ് ഒഴിയണമെന്ന ആവശ്യം നിക്ഷേപകരില്‍ നിന്നടക്കം ശക്തമായിരുന്നു. എന്നാല്‍ സ്ഥാനം രാജിവെക്കില്ലെന്നാണ് സുക്കര്‍ബര്‍ഗിന്റെ നിലപാട്. കേംബ്രിഡ്ജ് അനലറ്റിക്ക വിവരം ചോര്‍ത്തലില്‍ സംഭവത്തില്‍ നിന്നും സക്കര്‍ബര്‍ഗ് പാഠം പഠിച്ചില്ലെന്നും അതുകൊണ്ടാണ് റിപ്പബ്ലിക്കന്‍ ഉടമസ്ഥതയിലുള്ള പിആര്‍ ഏജന്‍സിയെ ഫേസ്ബുക്ക് പ്രമോഷന്‍ ഏല്‍പ്പിച്ചതെന്നുമായിരുന്നു ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ നിക്ഷേപകര്‍ തുറന്നടിച്ചിരുന്നത്.

വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിഫൈനേഴ്‌സ് പബ്ലിക്ക് അഫയേഴ്‌സ് എന്ന പബ്ലിക്ക് റിലേഷന്‍സ് സ്ഥാപനത്തെയാണ് തങ്ങള്‍ക്കനുകൂലമായ പ്രചാരണ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഫേസ്ബുക്ക് നിയമിച്ചത്. എതിരാളികളുടെ വായടയ്ക്കുന്നതിനാണ് പിആര്‍ ഏജന്‍സിയുടെ സഹായം തേടിയതെന്നും ഇവര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തയോട് ഫേസ്ബുക്ക് ഇതുവരെയും പ്രതികരിച്ചിട്ടില്ല. സുതാര്യമാണ് പ്രവര്‍ത്തനമെന്നാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നതെങ്കിലും കാര്യങ്ങള്‍ അത്ര സുതാര്യമല്ലെന്നായിരുന്നു നിക്ഷേപകരുടെ വാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com