ആവശ്യക്കാരേറി; പുതുതായി 1731 ഇന്ധനപമ്പുകള്‍ കൂടി, അപേക്ഷ ഓണ്‍ലൈനിലുടെ, ഭൂമിയില്ലാത്തവര്‍ക്കും അപേക്ഷിക്കാം 

മാഹിയുള്‍പ്പെടെ കേരളത്തില്‍ ആയിരത്തിലധികം പെട്രോള്‍ പമ്പുകള്‍ തുറക്കാനുളള സാധ്യത തെളിയുന്നു
ആവശ്യക്കാരേറി; പുതുതായി 1731 ഇന്ധനപമ്പുകള്‍ കൂടി, അപേക്ഷ ഓണ്‍ലൈനിലുടെ, ഭൂമിയില്ലാത്തവര്‍ക്കും അപേക്ഷിക്കാം 

കൊച്ചി:  മാഹിയുള്‍പ്പെടെ കേരളത്തില്‍ ആയിരത്തിലധികം പെട്രോള്‍ പമ്പുകള്‍ തുറക്കാനുളള സാധ്യത തെളിയുന്നു. പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത വര്‍ധിച്ചത് കണക്കിലെടുത്ത് പൊതുമേഖല എണ്ണ വിപണന കമ്പനികള്‍  1731 പുതിയ പമ്പുകള്‍ അനുവദിക്കും. 

ഗ്രാമീണ മേഖല 771 എണ്ണവും അര്‍ബന്‍, സെമി അര്‍ബന്‍ ഉള്‍പ്പെടുന്ന റെഗുലര്‍ വിഭാഗത്തില്‍ 960 പമ്പുകളുമാണ് ഐഒസിഎല്‍, എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നിവ അനുവദിക്കുക. ലളിതമായ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അപേക്ഷ നല്‍കാമെന്ന് സ്‌റ്റേറ്റ് റീട്ടെയില്‍ ഹെഡ് (ഐഒസി) നവീന്‍ ചരണ്‍ പറഞ്ഞു. നാലര വര്‍ഷത്തിനു ശേഷമാണു സംസ്ഥാനത്തു പമ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്.

 പുതിയ പമ്പുകള്‍ കൂടുതല്‍ എറണാകുളം ജില്ലയിലും (275) കുറവു വയനാട്ടിലുമാണ് (33). മാഹിയില്‍ 5 പമ്പ് അനുവദിക്കും. 10-ാം ക്ലാസ് ജയിച്ച 21നും 60നും ഇടയിലുളളവര്‍ക്കു അപേക്ഷിക്കാം. എന്‍ആര്‍ഐകള്‍ക്കു അപേക്ഷിക്കാന്‍ കഴിയില്ല. ഭൂമിയില്ലാത്തവര്‍ക്കും അപേക്ഷിക്കാം. ആവശ്യപ്പെടുമ്പോള്‍ ഭൂമി ലഭ്യമാക്കിയാല്‍ മതി.തിരഞ്ഞെടുക്കപ്പെടുന്നവര്‍ മാത്രം യോഗ്യത രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും. നറുക്കെടുപ്പ് കംപ്യൂട്ടര്‍വല്‍ക്കരിച്ചിട്ടുണ്ട്. വെബ്‌സൈറ്റ്– www.pterolpumpdealerchayan.in. അവസാന തീയതി ഡിസംബര്‍ 24

റൂറലില്‍ 30 ലക്ഷവും അര്‍ബനില്‍ 40 മുതല്‍ 75 ലക്ഷം രൂപ വരെയുമാണ് പുതിയ പമ്പിന് നിക്ഷേപം. അര്‍ബന്‍ വിഭാഗത്തില്‍ ഉപവിഭാഗങ്ങള്‍ക്കനുസരിച്ചു നിക്ഷേപത്തുകയില്‍ വ്യത്യാസം വരുമെന്നു ബിപിസിഎല്‍ സ്‌റ്റേറ്റ് ഹെഡ് (റിട്ടെയില്‍) പി.വെങ്കിട്ടരാമന്‍, ചീഫ് റീജനല്‍ മാനേജര്‍ (എച്ച്പിസിഎല്‍) സറബ്ജിത്ത് സിങ് എന്നിവര്‍ പറഞ്ഞു. 2005 പമ്പുകളാണു ഇപ്പോള്‍ സംസ്ഥാനത്തുളളത്. രാജ്യത്ത് പ്രതിവര്‍ഷം പെട്രോളിന് 8 ശതമാനവും ഡീസലിനു 4 ശതമാനവും വില്‍പന വര്‍ധനയാണുളളത്.എന്നാല്‍ കേരളത്തില്‍ പ്രളയം മൂലം ഡീസല്‍ വില്‍പന 3% കുറഞ്ഞിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ ഡീസല്‍ വിലകുറഞ്ഞതും ടൂറിസം രംഗത്തുണ്ടായ മാന്ദ്യവുമാണു ഡീസല്‍ വില്‍പന കുറയാന്‍ കാരണം.പെട്രോള്‍ വില്‍പനയില്‍ 4% വര്‍ധനവുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com