ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനെ കുറിച്ച് ആശങ്കപ്പെടേണ്ട!; വരുന്നു 6500 ചാര്‍ജിങ് സ്റ്റേഷനുകള്‍, കൊച്ചിയിലും, 1400 കോടി മുതല്‍മുടക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th November 2018 08:31 PM |
Last Updated: 28th November 2018 08:31 PM | A+A A- |
മുംബൈ: പരിസ്ഥിതി സൗഹൃദമാക്കാന്‍ ഒട്ടേറെ പരിഷ്‌കരണ നടപടികള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങള്‍ക്കും പ്രകൃതിവാതകത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കും പ്രചാരം വര്‍ധിച്ചിരിക്കുകയാണ്. ഭാവിയില്‍ നിരത്തുകള്‍ ഈ വാഹനങ്ങള്‍ കീഴടക്കുന്നതിലും അത്ഭുതപ്പെടാനില്ല.
ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ ഭീമമായ നിക്ഷേപത്തിന് ഒരുങ്ങുകയാണ് ഇവി മോട്ടേഴ്‌സ് ഇന്ത്യ. അടുത്ത അഞ്ചുവര്‍ഷത്തിനകം ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് രാജ്യമൊട്ടാകെ 6500 സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനുളള പദ്ധതിക്കാണ് കമ്പനി രൂപം നല്‍കിയിരിക്കുന്നത്. 20 കോടി ഡോളര്‍ ചെലവാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഡിഎല്‍എഫ്, എബിബി ഇന്ത്യ, ഡെല്‍റ്റ ഇലക്ട്രോണിക്‌സ് എന്നി കമ്പനികളുമായി ചേര്‍ന്നാണ് ഇവി മോട്ടേഴ്‌സ് പുതിയ സംരംഭം ആരംഭിക്കുന്നത്. നഗരങ്ങളിലെ റെസിഡന്‍ഷ്യല്‍ ഏരിയകളും ബിസിനസ്സ് കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യതയാണ് കമ്പനി പരിശോധിക്കുന്നത്. ഇവയേയെല്ലാം പ്രത്യേക സോഫ്റ്റ് വെയര്‍ സംവിധാനം ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിക്കാനും പദ്ധതിയുണ്ടെന്ന് കമ്പനി അറിയിച്ചു.
തുടക്കമെന്ന നിലയില്‍ അടുത്തവര്‍ഷം ഡല്‍ഹിയില്‍ 20 ഔട്ട് ലെറ്റുകള്‍ സ്ഥാപിക്കും. തുടര്‍ന്ന് കൊച്ചി ഉള്‍പ്പെടെയുളള മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.