നോട്ടുനിരോധനം കിരാത നടപടി, വളര്‍ച്ചയെ പിന്നോട്ടടിച്ചു; മൗനം വെടിഞ്ഞ് കേന്ദ്രസര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് 

നോട്ടുനിരോധനത്തെ കിരാത നടപടിയോട് ഉപമിച്ച അരവിന്ദ് സുബ്രഹ്മണ്യന്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇടിയുന്നതിനും ഇതുകാരണമായതായി ചൂണ്ടിക്കാണിച്ചു
നോട്ടുനിരോധനം കിരാത നടപടി, വളര്‍ച്ചയെ പിന്നോട്ടടിച്ചു; മൗനം വെടിഞ്ഞ് കേന്ദ്രസര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് 

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തെ വിമര്‍ശിച്ച് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. നോട്ടുനിരോധനത്തെ കിരാത നടപടിയോട് ഉപമിച്ച അരവിന്ദ് സുബ്രഹ്മണ്യന്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇടിയുന്നതിനും ഇതുകാരണമായതായി ചൂണ്ടിക്കാണിച്ചു. നോട്ടുനിരോധനം പ്രഖ്യാപിച്ച 2016 നവംബര്‍ എട്ടിന് അരവിന്ദ് സുബ്രഹ്മണ്യന്‍ ആയിരുന്നു സാമ്പത്തിക ഉപദേഷ്ടാവ്. ഇതുമായി ബന്ധപ്പെട്ട നീണ്ടക്കാലത്തെ മൗനം വെടിഞ്ഞാണ് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അരവിന്ദ് സുബ്രഹ്മണ്യന്‍ രംഗത്തുവന്നത്. 

നീണ്ട നാലുവര്‍ഷത്തെ സേവനം അവസാനിപ്പിച്ച് ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനം അരവിന്ദ് സുബ്രഹ്മണ്യന്‍ ഉപേക്ഷിച്ചത്. തന്റെ പേരില്‍ പ്രസിദ്ധീകരിക്കാന്‍ ഇരിക്കുന്ന ഓഫ് കൗണ്‍സല്‍: ദി ചലഞ്ചസ് ഓഫ് ദി മോദി- ജെയ്റ്റലി ഇക്കണോമി എന്ന പുസ്തകത്തില്‍ നോട്ടുനിരോധനത്തെ കുറിച്ച് പ്രതിപാദിക്കാന്‍ ഒരു അധ്യായമാണ് ഇദ്ദേഹം മാറ്റിവെച്ചിരിക്കുന്നത്. ഇതില്‍ നോട്ടുനിരോധനം സംബന്ധിച്ച തീരുമാനം കൈക്കൊളളും മുന്‍പ് താനുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്തിയോ എന്ന കാര്യത്തില്‍ അരവിന്ദ് സുബ്രഹ്മണ്യന്‍ മൗനം തുടരുകയാണ്. മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ ഒന്നടങ്കം ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് നോട്ടുനിരോധനവിഷയം ഉയര്‍ത്തിക്കാണിക്കുന്നത്. അരവിന്ദ് സുബ്രഹ്മണ്യവുമായി കൂടിയാലോചന നടത്താതെയാണ് നോട്ടുനിരോധനം സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു.

നോട്ടുനിരോധനം കിരാത നടപടിയായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച അരവിന്ദ് സുബ്രഹ്മണ്യന്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയെ ഇതുകാര്യമായി ബാധിച്ചതായി കുറ്റപ്പെടുത്തി. പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടി സാമ്പത്തിക തളര്‍ച്ച വേഗത്തിലാക്കി. ഇതിന് മുന്‍പും രാജ്യത്ത് സാമ്പത്തിക തളര്‍ച്ച പ്രകടമായിരുന്നു. എന്നാല്‍ നോട്ടുനിരോധനത്തോടെ തളര്‍ച്ച വേഗത്തിലായി എന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍ ഓര്‍മ്മപ്പെടുത്തുന്നു.

നോട്ടുനിരോധനത്തിന് തൊട്ടുമുന്‍പുളള ആറുപാദങ്ങളില്‍ വളര്‍ച്ച ശരാശരി എട്ടുശതമാനമായിരുന്നു. നോട്ട് അസാധുവാക്കലിന് ശേഷമുളള ഏഴ് പാദങ്ങളില്‍ വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായി ഇടിഞ്ഞു. നോട്ടുനിരോധനം വളര്‍ച്ചയെ ബാധിച്ചുവെന്ന വാദത്തെ എതിര്‍ക്കാന്‍ ആരും ധൈര്യപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജിഡിപി വളര്‍ച്ചയില്‍ ഇത് എത്രമാത്രം പ്രതിഫലിച്ചു എന്ന ചോദ്യം മാത്രമാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com