ജിഡിപി കൂപ്പുകുത്തി;  വളര്‍ച്ച കുറഞ്ഞിട്ടും ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന സ്ഥാനം കൈവിടാതെ ഇന്ത്യ 

രണ്ടാം പാദ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച നിരക്കില്‍ ഇടിവ്. 7.1  ശതമാനത്തിലേക്കാണ് ജിഡിപി താഴ്ന്നത്
ജിഡിപി കൂപ്പുകുത്തി;  വളര്‍ച്ച കുറഞ്ഞിട്ടും ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന സ്ഥാനം കൈവിടാതെ ഇന്ത്യ 

ന്യൂഡല്‍ഹി; നടപ്പുസാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച നിരക്കില്‍ ഇടിവ്. 7.1  ശതമാനത്തിലേക്കാണ് ജിഡിപി താഴ്ന്നത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തിലെ ജിഡിപിയാണ് കണക്കാക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ 8.2 ശതമാനമായിരുന്നു ജിഡിപി നിരക്ക്. ഇതില്‍ നിന്നാണ് 7.1 ലേക്ക് താഴ്ന്നിരിക്കുന്നത്. 

എന്നാല്‍ ജിഡിപി നിരക്ക് താഴ്‌ന്നെങ്കിലും ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന സ്ഥാനം ഇന്ത്യ ഇപ്പോഴും നിലനിര്‍ത്തിയതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇന്ത്യയുടെ ജിഡിപി 6.3 ശതമാനമായിരുന്നു. നോട്ട് അസാധുവാക്കലും ജി.എസ്.ടി നടപ്പാക്കിയതുമാണ് അന്ന് ജിഡിപി അന്ന് കുത്തനെ കുറയാന്‍ ഇടയാക്കിയത്. ഇത്തവണ രണ്ടാം പാദത്തില്‍ ജിഡിപി 7.4 ആയിരിക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിലും താഴെപ്പോയത് സാമ്പത്തിക വിദഗ്ധരില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

2.4% ശതമാനം വളര്‍ച്ച മാത്രമാണ് രണ്ടാംപാദത്തില്‍ പ്രാഥമിക മേഖലയായ കാര്‍ഷിക-ഖനി- നിര്‍മ്മാണ മേഖലകളില്‍ ഉണ്ടായത്. കഴിഞ്ഞവര്‍ഷം 6.9 % വളര്‍ച്ചയാണ് ഈ സ്ഥാനത്ത് ഉണ്ടായിരുന്നത്.

ജിഡിപി നിരക്ക് കുറഞ്ഞത് നിരാശാജനകമെന്നാണ് സാമ്പത്തിക സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ട്വിറ്ററില്‍ കുറിച്ചത്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയും വളര്‍ച്ചയെ പിന്നോട്ടടിച്ചുവെന്ന് ധനകാര്യ മന്ത്രാലയം വിലയിരുത്തുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇതിലും താഴെ വളര്‍ച്ചാനിരക്ക് എത്തിയാല്‍ അതിശയിക്കേണ്ടെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com