'ഇഎംഐ'യും പൊളളും?; ബാങ്കുകള്‍ ഭവനവായ്പ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു

റിസര്‍വ് ബാങ്കിന്റെ പണവായ്പ നയ പ്രഖ്യാപനം പുറത്തുവരാനിരിക്കെ, എസ്ബിഐ ഉള്‍പ്പെടെയുളള ബാങ്കുകളും ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങളും അടിസ്ഥാന പലിശനിരക്ക് ഉയര്‍ത്തി
'ഇഎംഐ'യും പൊളളും?; ബാങ്കുകള്‍ ഭവനവായ്പ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു

മുംബൈ: റിസര്‍വ് ബാങ്കിന്റെ പണവായ്പ നയ പ്രഖ്യാപനം പുറത്തുവരാനിരിക്കെ, എസ്ബിഐ ഉള്‍പ്പെടെയുളള ബാങ്കുകളും ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങളും അടിസ്ഥാന പലിശനിരക്ക് ഉയര്‍ത്തി. ഇതോടെ ഭവന, വാഹന വായ്പ നിരക്കുകള്‍ ഉയരും. 

എസ്ബിഐ, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കമ്പനി(എച്ച്ഡിഎഫ്‌സി) തുടങ്ങിയ സ്ഥാപനങ്ങല്‍ 5-10 ബേസിസ് പോയന്റ് വര്‍ധന വരുത്തിക്കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് നിരക്ക് പ്രകാരം ഒരുവര്‍ഷത്തെ നിരക്ക് 8.45 ശതമാനത്തില്‍നിന്ന് 8.50 ശതമാനമായി വര്‍ധിപ്പിച്ചു. 30 ലക്ഷം രൂപയുടെ ഭവനവായ്പയ്ക്ക് ഇതോടെ 8.70 ശതമാനം മുതല്‍ 8.85 ശതമാനംവരെയായി പലിശ. നേരത്തെ ഇത് 8.65 ശതമാനം മുതല്‍ 8.80 ശതമാനംവരെയായിരുന്നു.

ഐസിഐസിഐ ബാങ്ക് ആറുമാസത്തെ വായ്പാ നിരക്ക് 8.50 ശതമാനത്തില്‍നിന്ന് 8.60ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഒരുവര്‍ഷത്തെ നിരക്ക് 8.55ശതമാനത്തില്‍നിന്ന് 8.65 ശതമാനവുമാക്കി. വായ്പയുടെ രീതിയനുസരിച്ച് 30 മുതല്‍ 90 വരെ ബേസിസ് പോയന്റ് വര്‍ധനവാണ് ഭവനവായ്പ പലിശയില്‍ പ്രകടമാകുക.

ഹൗസിങ് ഫിനാന്‍സിങ് സ്ഥാപനമായ എച്ച്ഡിഎഫ്‌സിയുടെ 30 ലക്ഷം രൂപവരെയുള്ള വായ്പകളുടെ പലിശ 8.80 ശതമാനം മുതല്‍ 8.85 ശതമാനംവരെയായാണ് വര്‍ധിപ്പിച്ചത്. ഇത് യഥാക്രമം 8.70, 8.75 ശതമാനം എന്നിങ്ങനെയായിരുന്നു.

കഴിഞ്ഞ രണ്ടു പണവായ്പ നയത്തില്‍ റിസര്‍വ് ബാങ്ക് കാല്‍ ശതമാനംവീതം റിപ്പോ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. വരാനിരിക്കുന്ന റിവ്യു യോഗത്തിലും കാല്‍ ശതമാനം നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പലിശനിരക്ക് വീണ്ടും ആര്‍ബിഐ ഉയര്‍ത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com