എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഇരുട്ടടി; പ്രതിദിന എടിഎം പരിധി നേര്‍പകുതിയാക്കി 

എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഇരുട്ടടി; പ്രതിദിന എടിഎം പരിധി നേര്‍പകുതിയാക്കി 

പ്രതിദിനം 40,000രൂപ വരെയായിരുന്നു പരമാവധി പിന്‍വലിക്കാനാകുന്നത്. ഇത് 20,000രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്

കൊച്ചി: എടിഎമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി നേര്‍പകുതിയാക്കി കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ). പ്രതിദിനം 40,000രൂപ വരെയായിരുന്നു പരമാവധി പിന്‍വലിക്കാനാകുന്നത്. ഇത് 20,000രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. ഈ മാസം 31 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. 

മാസ്‌ട്രോ, ക്ലാസിക് എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് പിന്‍വലിക്കാവുന്ന തുകയുടെ പരിധിയാണ് കുറയ്ക്കുന്നത്. ഉയര്‍ന്ന അക്കൗണ്ട് ഉടമകള്‍ക്കു ലഭിക്കുന്ന സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എടിഎം കാര്‍ഡുകള്‍ക്കും കറന്റ് അക്കൗണ്ട് ഉടമകള്‍ക്കും പരിധി ബാധകമല്ല. എടിഎം മുഖേനയുള്ള തട്ടിപ്പുകള്‍ കൂടുന്നതുകൊണ്ടും ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുമാണ് നടപടി. മിക്ക എടിഎം ഇടപാടുകളും ചെറിയ തുകയുടേതാണെന്നും അതുകൊണ്ടുതന്നെ 20,000രൂപയെന്ന പരിധി ഉപഭോക്താക്കള്‍ക്ക് പര്യാപ്തമായിരിക്കുമെന്നും എസ്ബിഐ എംഡി പികെ ഗുപ്ത പറഞ്ഞു. 

സേവന നിരക്കില്ലാതെ എടിഎം വഴി പണം പിന്‍വലിക്കാനുള്ള പരിധി അഞ്ചായി തുടരും. ഇതു മൂന്നായി ചുരുക്കണമെന്നാവശ്യപ്പെട്ട് എസ്ബിഐ ഉള്‍പ്പെടെയുള്ള ദേശസാല്‍കൃത ബാങ്കുകള്‍ ധനമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. പണമില്ലാത്ത എടിഎമ്മുകളില്‍ ഇടപാടുകള്‍ നടത്തുമ്പോഴും ഉപഭോക്താക്കളില്‍ നിന്നു സേവന നിരക്ക് ഈടാക്കുന്നതു നിര്‍ത്തലാക്കാന്‍ തീരുമാനമായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com