വാഹന ഇന്‍ഷുറന്‍സ് പോളിസി ഓണ്‍ലൈനായാണോ വാങ്ങിയത് ?; ക്ലെയിമിനായി നെട്ടോട്ടം ഓടേണ്ടി വരും 

ഓണ്‍ലൈനില്‍ വാഹന ഇന്‍ഷുറന്‍സ് എടുത്തവര്‍ ക്ലെയിം സെറ്റില്‍മെന്റിനായി മാസങ്ങളോളം നെട്ടോട്ടം ഓടുന്നതായാണ് റിപ്പോര്‍ട്ടുകള്‍
വാഹന ഇന്‍ഷുറന്‍സ് പോളിസി ഓണ്‍ലൈനായാണോ വാങ്ങിയത് ?; ക്ലെയിമിനായി നെട്ടോട്ടം ഓടേണ്ടി വരും 

ന്യൂഡല്‍ഹി:  ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നത് ഇന്ന് വളരെ ലളിതമായ കാര്യമാണ്. സമയലാഭവും ലഭ്യതയും കണക്കിലെടുത്ത് ഓണ്‍ലൈനില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. എന്നാല്‍ ഓണ്‍ലൈനില്‍ വാഹന ഇന്‍ഷുറന്‍സ് എടുത്തവര്‍ ക്ലെയിം സെറ്റില്‍മെന്റിനായി മാസങ്ങളോളം നെട്ടോട്ടം ഓടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രമുഖ കമ്പനികളുടെ വിവിധ വാഹന ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭ്യമാക്കുന്ന നിരവധി സൈറ്റുകള്‍ ഓണ്‍ലൈനില്‍ സുലഭമാണ്. മിനിറ്റുകള്‍ക്കുളളില്‍ നടപടികള്‍ എല്ലാം പൂര്‍ത്തിയാകുമെന്നതാണ് ഇതിന്റെ ആകര്‍ഷണം. ഇതുകൊണ്ട് ഓണ്‍ലൈന്‍വഴി ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. എന്നാല്‍ ഇന്‍ഷുറന്‍സ് പോളിസി അനുവദിക്കുന്ന പ്രസ്തുത ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസ് എവിടെയാണ് എന്നതിനെ കുറിച്ച് പലരും ചിന്തിക്കാറില്ല. കൂടാതെ എവിടെ ആസ്ഥാനമായാണ് വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നതും ആരും കാര്യമാക്കാറില്ലെന്നും ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പലതും ഗുരുഗ്രാം, ബംഗലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവയാണ് എന്നതാണ് കണ്ടെത്തല്‍.

സ്‌കൂട്ടറിന് ഉണ്ടായ കേടുപാടുകള്‍ തീര്‍ക്കാന്‍ ചെലവായ തുക ഇന്‍ഷുറന്‍സ് ക്ലെയിമായി ആവശ്യപ്പെട്ട തന്നോട് മാസങ്ങളോളം കാത്തിരിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനി പറഞ്ഞതായി കൊച്ചി സ്വദേശിയായ അന്ന മാത്യൂ പറയുന്നു. ഓണ്‍ലൈന്‍ പോളിസി ആയതുകൊണ്ട് സെറ്റില്‍മെന്റിന് മാസങ്ങള്‍ എടുക്കുമെന്നായിരുന്നു അധികൃതരുടെ പ്രതികരണം. ഗുരുഗ്രാമിലെ രജിസ്‌ട്രേറ്റ് ഓഫീസിലാണ് ഇതുസംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് എന്നായിരുന്നു അധികൃതരുടെ വിശദീകരണമെന്ന് അന്ന മാത്യൂ പറയുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി അനുവദിച്ച ഗുരുഗ്രാമിലെ ഓഫീസുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടു. താന്‍ കബളിപ്പിക്കപ്പെട്ടതായി കരുതുന്നുവെന്നും അവര്‍ പറഞ്ഞു.

ഔട്ട് സ്റ്റേഷന്‍ ക്ലെയിമുകള്‍ എഴുത്തുകുത്തുകളിലുടെയാണ് കൈകാര്യം ചെയ്യുന്നതെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ വിശദീകരണം. സെറ്റില്‍മെന്റ് നിര്‍വഹിക്കുന്ന ഓഫീസിന് പോസ്റ്റലായി ക്ലെയിമുകള്‍ അയച്ചുകൊടുക്കുന്നതാണ് പതിവ്. ഇന്‍ഷുറന്‍സ് ക്ലെയിമുമായി ബന്ധപ്പെട്ട നടപടികള്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ എല്ലാ ഓഫീസുകളിലും സാധാരണയായി നടക്കാറുണ്ടെങ്കിലും ക്ലെയിം സെറ്റില്‍മെന്റ് പോളിസി അനുവദിച്ച ഓഫീസ് വഴിയാണ് നടക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com