ബീറ്റില്‍ ഇനി ഇല്ല, ഉല്‍പ്പാദനം നിര്‍ത്തുമെന്ന് ഫോക്‌സ് വാഗണ്‍; തീരുമാനം ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നതിന്റെ ഭാഗമായി

ഭാവി തലമുറ ഇലക്ട്രിക് വാഹനങ്ങളിലേക്ക് നീങ്ങുന്നത് മുന്നില്‍ കണ്ടുകൊണ്ടാണ് കമ്പനി ഇതിലേക്ക് മാറുന്നത്
ബീറ്റില്‍ ഇനി ഇല്ല, ഉല്‍പ്പാദനം നിര്‍ത്തുമെന്ന് ഫോക്‌സ് വാഗണ്‍; തീരുമാനം ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നതിന്റെ ഭാഗമായി


തിറ്റാണ്ടുകളോളം റോഡുകള്‍ അടക്കിവാണ ബീറ്റില്‍ കോമ്പാക്റ്റ് കാറുകള്‍ ഇനി ഇല്ല. അടുത്ത വര്‍ഷത്തോടെ കാറുകളുടെ ഉല്‍പ്പാദനം നിര്‍ത്തുമെന്ന് ഫോക്‌സ് വാഗണ്‍ അറിയിച്ചു. ഇലക്ട്രിക് കാറുകളിലേക്കുള്ള ഫോക്‌സ് വാഗന്റെ മാറ്റത്തിന്റെ ഭാഗമായാണ് ബീറ്റിലിന്റെ ഉല്‍പ്പാദനം നിര്‍ത്തുന്നത്. ബീറ്റില്‍ ഓര്‍മയിലേക്ക് മറയുന്നതോടെ കമ്പനിയില്‍ പുതുയുഗം പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡീസല്‍ വാഹനങ്ങള്‍ പുറംതള്ളുന്ന വാതകങ്ങള്‍ പ്രകൃതിക്ക് ദോഷം ചെയ്യുന്നുണ്ട്. ഡീസല്‍ എമിഷന്‍ ടെസ്റ്റില്‍ കമ്പനി കൃത്രിമം കാട്ടിയെന്ന റിപ്പോര്‍ട്ട് ജര്‍മന്‍ വാഹന നിര്‍മാതാക്കള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. ഭാവി തലമുറ ഇലക്ട്രിക് വാഹനങ്ങളിലേക്ക് നീങ്ങുന്നത് മുന്നില്‍ കണ്ടുകൊണ്ടാണ് കമ്പനി ഇതിലേക്ക് മാറുന്നത്. ഫോക്‌സ് വാഗണ്‍ അമേരിക്കയുടെ മേധാവി ഹിന്റിച്ച് വോബ്കനാണ് ബീറ്റില്‍ നിര്‍ത്തുന്നതായി അറിയിച്ചത്. ഇലക്ട്രിഫിക്കേഷന്‍ സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ തീരുമാനമെന്നും ബീറ്റിലിന് പകരം മറ്റൊരു മോഡല്‍ കൊണ്ടുവരാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

ജര്‍മനിയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച വാഹനമാണിത്. അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ നിര്‍ദേശപ്രകാരം 1930 ലാണ് ബീറ്റില്‍ നിര്‍മിക്കുന്നത്. ജര്‍മനിയിലെ എല്ലാ ജനങ്ങളിലേക്കും എത്തിക്കാന്‍ കഴിയുന്ന വാഹനം കൊണ്ടുവരാനായിരുന്നു ഹിറ്റ്‌ലറുടെ നിര്‍ദേശം. ഇതിനായി ഫെര്‍ഡിനന്‍ഡ് പോര്‍ഷെയെ ചുമതലപ്പെടുത്തി. പീപ്പിള്‍സ് കാര്‍ എന്നാണ് ഫോക്‌സ് വാഗണ്‍ എന്ന വാക്കിന്റെ അര്‍ത്ഥം. 1938 ല്‍ ന്യൂയോര്‍ക് ടൈംസാണ് ബീറ്റില്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്. 

11 വര്‍ഷത്തിനുശേഷം മോഡല്‍  അമേരിക്കയിലെത്തിയപ്പോള്‍ യുവതലമുറയില്‍നിന്ന് ആവേശകരമായ പിന്തുണയാണ് ഇതിനുലഭിച്ചത്. 1998ലാണ് ഫോക്‌സ്‌വാഗണ്‍ പുതിയ ബീറ്റില്‍ പുറത്തിറക്കിയത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട വാഹനമാണിത്. 21.5 മില്യണ്‍ യൂണിറ്റുകളാണ് വിറ്റുപോയത്. 2012ല്‍ നാവിഗേഷന്‍  സംവിധാനംവരെ ഉള്ള രണ്ടാംതലമുറ ബീറ്റില്‍ എത്തി. ഇതാണ് ഇപ്പോള്‍ വിപണിയിലുള്ളത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com