അതെന്താ സ്ത്രീകള്‍ കണ്ടാല്‍? ഫേസ്ബുക്കില്‍ തൊഴില്‍ പരസ്യങ്ങള്‍ സ്ത്രീകളുടെ വോളില്‍നിന്നു മറയ്ക്കുന്നതിനെതിരെ കേസ്‌ 

തൊഴില്‍പരമായ വിഷയങ്ങളില്‍ പ്രായം, ലിംഗം തുടങ്ങിയ വിവേചനങ്ങള്‍ പൗരാവകാശ നിയമങ്ങള്‍ക്ക് എതിരാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു
അതെന്താ സ്ത്രീകള്‍ കണ്ടാല്‍? ഫേസ്ബുക്കില്‍ തൊഴില്‍ പരസ്യങ്ങള്‍ സ്ത്രീകളുടെ വോളില്‍നിന്നു മറയ്ക്കുന്നതിനെതിരെ കേസ്‌ 

വാഷിങ്ടണ്‍: ഉദ്യോഗാര്‍ത്ഥികളെ തേടി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ പുരുഷന്‍മാര്‍ക്ക് മാത്രം കാണാവുന്ന രീതിയില്‍ പോസ്റ്റ് ചെയ്യുന്നെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ നടപടിയാവശ്യപ്പെട്ട് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (എസിഎല്‍യു). ഫേസ്ബുക്കിനെതിരെ യുഎസ് ഈക്വല്‍ എംപ്ലോയ്‌മെന്റ് ഓപ്പര്‍ച്യൂണിറ്റി കമ്മീഷനില്‍ എസിഎല്‍യു കേസ് ഫയല്‍ ചെയ്തു. 

പുരുഷ മേധാവിത്വമുള്ള തൊഴില്‍ മേഖലകളിലെ അവസരങ്ങള്‍ യുവാക്കളെ മാത്രം ലക്ഷ്യംവച്ച് പരസ്യം ചെയ്യുകയാണെന്നും സ്ത്രീകളിലേക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിലേക്കും ഈ പരസ്യങ്ങള്‍ എത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടി മൂന്ന് സ്ത്രീകള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് എസിഎല്‍യു കേസ് നല്‍കിയത്. ഇത്തരം പരസ്യങ്ങള്‍ നല്‍കുമ്പോള്‍ പ്രായമായ പുരുഷന്‍മാരെയും ഒഴിവാക്കുന്നതായി പരാതിയില്‍ ആരോപിക്കുന്നു. തൊഴില്‍പരമായ വിഷയങ്ങളില്‍ പ്രായം, ലിംഗം തുടങ്ങിയ വിവേചനങ്ങള്‍ പൗരാവകാശ നിയമങ്ങള്‍ക്ക് എതിരാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 

ഫേസ്ബുക്കില്‍ അക്കൗണ്ട് തുറക്കണമെങ്കില്‍തന്നെ ലിംഗവിവരങ്ങള്‍ നല്‍കണമെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം പരസ്യങ്ങള്‍ ലഭിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത്തരം വിവേചനങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഒരു സ്ഥാനവുമില്ലെന്നാണ് ഫേസ്ബുക്ക് വക്താവിന്റെ പ്രതികരണം. ഇത്തരം കാര്യങ്ങള്‍ തങ്ങള്‍ കര്‍ശനമായി നിരോധിച്ചവയാണെന്നും പരാതി പരിശോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കളുടെ ലിംഗം, ജാതി, പ്രായം തുടങ്ങിയ വിവരങ്ങള്‍ പരസ്യദാതാക്കള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണതയ്ക്ക് ഫേസ്ബുക്ക് മാറ്റം കൊണ്ടുവരണമെന്നും എസിഎല്‍യു ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com