സാധാരണക്കാര്‍ വലയും; എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി എസ്ബിഐ വെട്ടിക്കുറയ്ക്കുന്നു

എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയുന്നതിനും കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പുതിയ നടപടിയെന്നാണ് എസ്ബിഐയുടെ വിശദീകരണം.
സാധാരണക്കാര്‍ വലയും; എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി എസ്ബിഐ വെട്ടിക്കുറയ്ക്കുന്നു

മുംബൈ: എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക എസ്ബിഐ വെട്ടിച്ചുരുക്കുന്നു. മാസ്‌ട്രോ, ക്ലാസിക് വിഭാഗത്തിലെ കാര്‍ഡുകളില്‍ നിന്നും ഇനി മുതല്‍ ഒരു ദിവസം 20,000 രൂപ മാത്രമേ പിന്‍വലിക്കാനാവൂ. 40,000 രൂപയായിരുന്നു ദിവസേനെ എടിഎമ്മുകളിലൂടെ പിന്‍വലിക്കാവുന്ന പരമാവധി തുക. ഒക്ടോബര്‍ 31 മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരികയെന്ന് എസ്ബിഐ അറിയിച്ചു.

എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയുന്നതിനും കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പുതിയ നടപടിയെന്നാണ് എസ്ബിഐയുടെ വിശദീകരണം. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലോടെ എടിഎം ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകളില്‍ 20 ശതമാനത്തിന്റെ ഇടിവുണ്ടായതായും എസ്ബിഐ പറയുന്നു.  

മറ്റ് കാര്‍ഡുകളായ സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എന്നിവയ്ക്കും കറന്റ് അക്കൗണ്ട് ഉടമകള്‍ക്കും പരിധി ബാധകമല്ല. സൗജന്യമായി എടിഎമ്മുകള്‍ വഴി പണം പിന്‍വലിക്കുന്നതിനുള്ള പരിധി അഞ്ച് തവണ തന്നെയായി തുടരും. ഇത് മൂന്നാക്കി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം എസ്ബിഐ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ നേരത്തെ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് ധനകാര്യ മന്ത്രാലയം ഇതുവരേക്കും അനുമതി നല്‍കിയിട്ടില്ല. 

മാസ്‌ട്രോ, ക്ലാസിക് വിഭാഗത്തിലെ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരിലേറെയും സാധാരണക്കാരായതിനാല്‍ ബാങ്കിന്റെ ഈ നടപടി പൊതുജനങ്ങളെ വലയ്ക്കുമെന്നാണ് ധനകാര്യ വിദഗ്ധര്‍ പറയുന്നത്. മറ്റ് ബാങ്കുകളൊന്നും പരിധി വെട്ടിച്ചുരുക്കിയിട്ടുമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com