ബിഎസ്എന്‍എല്‍ അമ്പതിനായിരം ജീവനക്കാരെ പിരിച്ചുവിടുന്നു; വിരമിക്കല്‍ പ്രായം 58 ആക്കി 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 03rd April 2019 04:48 PM  |  

Last Updated: 03rd April 2019 04:48 PM  |   A+A-   |  

 

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖ ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍ 54000 ജീവനക്കാരെ പിരിച്ചുവിടുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായുളള ഈ നടപടിക്ക് ബിഎസ്എന്‍എല്‍ ബോര്‍ഡ് അംഗീകാരം നല്‍കി. ഇതിന് പുറമേ വിരമിക്കല്‍ പ്രായം 58 ആയും ചുരുക്കി.

ജീവനക്കാരെ പിരിച്ചുവിടുന്നത് ഉള്‍പ്പെടെ ബിഎസ്എന്‍എല്ലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ പത്തുനിര്‍ദേശങ്ങളില്‍ മൂന്നെണ്ണം ബിഎസ്എന്‍എല്‍ ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. ബിഎസ്എന്‍എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായി ശമ്പളം വൈകിയത് ഉള്‍പ്പെടെയുളള സമകാലിന പ്രശ്‌നങ്ങള്‍ ജീവനക്കാരെ പിരിച്ചുവിടുന്ന തീരുമാനം വേഗത്തിലാക്കാന്‍ ഇടയാക്കിയതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

 മുടങ്ങിക്കിടക്കുന്ന വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നായി ബിഎസ്എന്‍എല്ലിന് 2900 കോടി രൂപ ലഭിക്കാനുണ്ട്. ഇത് വരും മാസങ്ങളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിന് പുറമേ എന്റര്‍പ്രൈസ് ബിസിനസ്സില്‍ നിന്നും 500 രൂപ കിട്ടാനുണ്ട്. ഇതും 3500 കോടി രൂപയുടെ വായ്പയും കൂടി ലഭ്യമാകുന്നതോടെ വരും മാസങ്ങളില്‍ ശമ്പളം നല്‍കാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.