വൈദ്യുതി ചാര്‍ജ് ഓര്‍ത്ത് ഭയപ്പെടേണ്ട!; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതിയുമായി കെഎസ്ഇബി 

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ ബാറ്ററി ചാര്‍ജിങ് സ്‌റ്റേഷനുകളില്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ തയ്യാറാണെന്ന നിലപാടാണ് കെഎസ്ഇബി എടുത്തിരിക്കുന്നത്
വൈദ്യുതി ചാര്‍ജ് ഓര്‍ത്ത് ഭയപ്പെടേണ്ട!; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതിയുമായി കെഎസ്ഇബി 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നിരത്തുകള്‍ കീഴടക്കുന്നത് വിദൂരമായ കാര്യമല്ല. ഇതിനെ പ്രോത്സാഹിപ്പിക്കാന്‍ കെഎസ്ഇബിയും തയ്യാറെടുക്കുകയാണ്. 

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ ബാറ്ററി ചാര്‍ജിങ് സ്‌റ്റേഷനുകളില്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ തയ്യാറാണെന്ന നിലപാടാണ് കെഎസ്ഇബി എടുത്തിരിക്കുന്നത്. പൊതുബാറ്ററി ചാര്‍ജിങ്‌സ്‌റ്റേഷനുകള്‍ക്ക് ആദ്യവര്‍ഷങ്ങളില്‍ ശരാശരിയിലും കുറഞ്ഞനിരക്കില്‍ വൈദ്യുതി നല്‍കാന്‍ തയ്യാറാണെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമീഷനെ അറിയിച്ചിട്ടുണ്ട്. വരുംവര്‍ഷങ്ങളിലെ സംസ്ഥാനത്തിന്റെ ഊര്‍ജ ഉപയോഗം കണക്കിലെടുത്ത് ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ചും അന്തര്‍സംസ്ഥാന പ്രസരണ ശൃംഖല ശക്തിപ്പെടുത്തിയും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സ്വീകാര്യമായ വിധത്തില്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും.  തിരുവനന്തപുരം, എറണാകുളം കോഴിക്കോട് ജില്ലകളില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വ്യാപിപ്പിക്കുന്നതിന് ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുമെന്നും കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. വൈദ്യുതിവാഹന നയമനുസരിച്ച് സംസ്ഥാനത്തെ  ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പൊതുചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള   നോഡല്‍ ഏജന്‍സി കെഎസ്ഇബിയാണ്.ഇലക്ട്രിക് വാഹനങ്ങളെയും ചാര്‍ജിങ് സ്‌റ്റേഷനുകളെയും സംബന്ധിച്ച  ശില്‍പ്പശാലയിലാണ് അധികൃതര്‍ നിലപാട് വ്യക്തമാക്കിയത്.

2020 ഓടെ വൈദ്യുതിയില്‍ ഓടുന്ന രണ്ടുലക്ഷം ഇരുചക്രവാഹനങ്ങളും അമ്പതിനായിരം ഓട്ടോറിക്ഷയും 1000 ചരക്കുവണ്ടിയും 3,000 ബസും 100 ബോട്ടും കേരളത്തില്‍ എത്തിക്കാനും 2022 ആകുമ്പോഴേക്കും ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com