വാഹന വിപണി കിതയ്ക്കുന്നു? കുത്തനെയിടിഞ്ഞ് സ്‌കൂട്ടര്‍ വില്‍പ്പന; കാര്‍ വില്‍പ്പനയും മന്ദഗതിയില്‍

കാറുകളുടെയും എസ്യുവികളുടെയും വില്‍പ്പനയും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്.
വാഹന വിപണി കിതയ്ക്കുന്നു? കുത്തനെയിടിഞ്ഞ് സ്‌കൂട്ടര്‍ വില്‍പ്പന; കാര്‍ വില്‍പ്പനയും മന്ദഗതിയില്‍

 ന്യൂഡല്‍ഹി: രാജ്യത്തെ വാഹന വിപണിയില്‍ മാന്ദ്യമെന്ന് റിപ്പോര്‍ട്ട്. ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ 13 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കാറുകളുടെയും എസ്യുവികളുടെയും വില്‍പ്പനയും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. രാജ്യത്തെ ഇരുചക്രവാഹനങ്ങളുടെ മൂന്നില്‍ ഒന്നും സ്‌കൂട്ടറുകളാണെന്നാണ് കണക്ക്. 67 ലക്ഷം സ്‌കൂട്ടറുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റു പോയത്. 

തൊഴിലില്ലായ്മയാണ് വാഹനവിപണിയെ ബാധിച്ചതെന്നാണ് ഹീറോ മോട്ടേഴ്‌സ് പറയുന്നത്. സ്വകാര്യ വാഹനങ്ങളെക്കാള്‍ ആളുകള്‍ പൊതുഗതാഗതത്തെ ആശ്രയിക്കുകയാണ് ഇപ്പോഴെന്നും റിപ്പോര്‍ട്ട് പറയുന്നു. 2017 ല്‍ 9.3 ശതമാനം വളര്‍ച്ചയുണ്ടായിരുന്നത് നിലവില്‍ 2.7 ശതമാനം എന്ന നിരക്കിലാണ്. മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബംഗളുരു ചെന്നൈ എന്നിവിടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ക്കുള്ള ആവശ്യക്കാര്‍ കുറഞ്ഞതായും സര്‍വേ പറയുന്നു. 

ഇന്ധനവില ക്രമാതീതമായി വര്‍ധിച്ചതും വാഹനങ്ങളുടെ മെയിന്റന്‍സുമാണ് വാഹനവിപണിയെ മാന്ദ്യത്തിലേക്ക് നയിച്ചതില്‍ പ്രധാനികളെന്നും  റിപ്പോര്‍ട്ട്  വ്യക്തമാക്കുന്നു. യുവാക്കള്‍ക്ക് കാര്‍ വാങ്ങുന്നതിനുള്ള തിടുക്കം പഴയത് പോലെ ഇല്ലെന്നും ഒല, യൂബര്‍ പോലുള്ള ഓണ്‍ലൈന്‍ ടാക്‌സികളാണ് അവര്‍ സൗകര്യപ്രദമായി കാണുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ പങ്കെടുത്തവര്‍ പറയുന്നു. ചെറുകാറുകള്‍ക്ക് കിലോ മീറ്ററിന് 10-14 രൂപ വരെ ചെലവാകുമ്പോള്‍ അതിലും കുറഞ്ഞ തുകയ്ക്ക് ഓണ്‍ലൈന്‍ ടാക്‌സികളില്‍ യാത്ര ചെയ്യാമെന്നതാണ് യുവാക്കളെ ആകര്‍ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com