നോട്ടുനിരോധത്തിന് ശേഷം ഇല്ലാതായത് 50 ലക്ഷം തൊഴിലുകള്‍; കൂടുതല്‍ നഷ്ടം കുറഞ്ഞ വിദ്യാഭ്യാസമുളളവര്‍ക്ക്, റിപ്പോര്‍ട്ട് 

നോട്ടുനിരോധനം പ്രഖ്യാപിച്ചതിന് ശേഷമുളള രണ്ടുവര്‍ഷ കാലയളവില്‍ 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്
നോട്ടുനിരോധത്തിന് ശേഷം ഇല്ലാതായത് 50 ലക്ഷം തൊഴിലുകള്‍; കൂടുതല്‍ നഷ്ടം കുറഞ്ഞ വിദ്യാഭ്യാസമുളളവര്‍ക്ക്, റിപ്പോര്‍ട്ട് 

ന്യൂഡല്‍ഹി: നോട്ടുനിരോധനം പ്രഖ്യാപിച്ചതിന് ശേഷമുളള രണ്ടുവര്‍ഷ കാലയളവില്‍ 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. തൊഴില്‍ നഷ്ടത്തിന് തുടക്കം കുറിച്ചത് ഈ കാലഘട്ടത്തിലാണ്. ഒരേ കാലത്താണ് ഇതുരണ്ടും സംഭവിച്ചതെങ്കിലും നോട്ടുനിരോധനം മൂലമാണ് തൊഴില്‍ നഷ്ടം ഉണ്ടായത് എന്ന് സ്ഥാപിക്കാന്‍ കഴിയില്ലെന്നും ബംഗലൂരുവിലെ അസിം പ്രേംജി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സസ്‌റ്റെയിനബിള്‍ എംപ്ലോയിമെന്റിന്റെ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വനിതകളെ കൂടി പരിഗണിച്ചാല്‍ തൊഴില്‍ നഷ്ടത്തിന്റെ വ്യാപ്തി വലുതാണ്. തൊഴില്‍ നഷ്ടപ്പെട്ട കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ ഏറ്റവുമധികം മോശം സ്ഥിതിയിലാണ് സ്ത്രീകള്‍. ഇവരുടെ തൊഴിലില്ലായ്മ നിരക്കും ഉയര്‍ന്നനിലയിലാണ്.നോട്ടുനിരോധനം കാരണമാണ് തൊഴില്‍ നഷ്ടം സംഭവിച്ചതെന്ന് സ്ഥാപിക്കാന്‍ കഴിയില്ലെങ്കിലും, സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ അടിയന്തരമായ ഇടപെടല്‍ നടത്തണമെന്ന മുന്നറിയിപ്പാണ് ഇത് നല്‍കിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2011 നു ശേഷം തൊഴിലില്ലായ്മയില്‍ സ്ഥായിയായ വര്‍ധന ദൃശ്യമാണ്. ഉന്നത വിദ്യാഭ്യാസം നേടിയവരാണ് ഇതില്‍ വലിയ പങ്ക് എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കുറഞ്ഞ വിദ്യാഭ്യാസമുളളവര്‍ക്കാണ് ഇക്കാലയളവില്‍ ഏറ്റവുമധികം തൊഴില്‍ നഷ്ടം നേരിട്ടത്. ഇവരുടെ അവസരങ്ങളും ഗണ്യമായി കുറഞ്ഞു.  സാമ്പത്തിക രംഗത്തെ ബാധിച്ച ഗുരുതരമായ പ്രശ്‌നമായി തൊഴിലില്ലായ്മ എങ്ങനെ മാറി എന്നതിന്റെ വ്യക്തമായ തെളിവാണ് തൊഴില്‍ നഷ്ടപ്പെട്ട കണക്കുകള്‍ എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

2018ല്‍ തൊഴിലില്ലായ്മ നിരക്ക് എട്ടുശതമാനമാണ്. 2000 മുതല്‍ 2011 വരെയുളള ദശാബ്ദത്തിലെ തൊഴിലില്ലായ്മ നിരക്കിനേക്കാള്‍ ഇരട്ടിയാണിതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. തൊഴില്‍ശേഷിയുളള ജനസംഖ്യയുടെ 10 ശതമാനം വരും നഗരത്തില്‍ താമസിക്കുന്ന സ്ത്രീ വിഭാഗം. എന്നാല്‍ ഇവരില്‍ 34 ശതമാനവും തൊഴില്‍രഹിതരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com