ജോലി സമയം 12 മണിക്കൂറാക്കണം, ജാക്ക് മേയുടെ നിര്‍ദേശം; ചൈനയില്‍ ചൂടേറിയ ചര്‍ച്ച

യുവാക്കള്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ തയ്യാറാകണമെന്ന് ഓണ്‍ലൈന്‍ വില്‍പ്പന രംഗത്തെ പ്രമുഖ ചൈനീസ് കമ്പനിയായ ആലിബാബയുടെ തലവന്‍
ജോലി സമയം 12 മണിക്കൂറാക്കണം, ജാക്ക് മേയുടെ നിര്‍ദേശം; ചൈനയില്‍ ചൂടേറിയ ചര്‍ച്ച

ബീജിംഗ്: യുവാക്കള്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ തയ്യാറാകണമെന്ന് ഓണ്‍ലൈന്‍ വില്‍പ്പന രംഗത്തെ പ്രമുഖ ചൈനീസ് കമ്പനിയായ ആലിബാബയുടെ തലവന്‍. പ്രതിദിനം 12 മണിക്കൂറും ആഴ്ചയില്‍ ആറുദിവസവും തൊഴിലെടുക്കാന്‍ യുവാക്കള്‍ തയ്യാറാകണമെന്നാണ് ജാക്ക് മേ ആഹ്വാനം ചെയ്തത്. സാമ്പത്തികരംഗത്ത് വിജയിക്കണമെങ്കില്‍ തൊഴില്‍- ജീവിത തുലനവുമായി ബന്ധപ്പെട്ട് പൊതുചര്‍ച്ചയ്ക്ക്യുവാക്കള്‍ രംഗത്തിറങ്ങണമെന്നും ജാക്ക് മേ ആവശ്യപ്പെട്ടു. ജാക്ക് മേയുടെ വാക്കുകള്‍ ചൈനയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. 

ചൈനയുടെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായ പശ്ചാത്തലത്തില്‍ ചൈനയിലെ ഏറ്റവും വലിയ സമ്പന്നന്മാരില്‍ ഒരാളായ ജാക്ക് മേയുടെ അഭിപ്രായം രാജ്യത്ത് സമ്മിശ്രപ്രതികരണമാണ് ഉളവാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച അദ്ദേഹം നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്തുവന്നപ്പോള്‍ തന്നെ ഇതിനെ അനുകൂലിച്ചും ഒരുപാടു പേര്‍ മുന്നോട്ടുവന്നു.

കൂടുതല്‍ സമയം ജോലി ചെയ്യുന്നത് രാജ്യത്ത് ജനനനിരക്ക് കുറയാന്‍ ഇടയാക്കുന്നു എന്ന തരത്തില്‍ ജാക്ക് മേയുടെ പ്രസ്താവനയ്‌ക്കെതിരെ നിരവധിപ്പേരുടെ പ്രതികരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്നത്. തൊഴില്‍ ഒരു സന്തോഷം നല്‍കുന്ന കാര്യമാണെന്നും പഠനം, സ്വന്തം പുരോഗതി എന്നിവയ്ക്കും സമയം നീക്കിവെയ്ക്കണമെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് ജാക്ക് മേയുടെ പ്രതികരണം.

അതേസമയം ചൈന ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയ്‌ലില്‍ വന്ന മുഖപ്രസംഗം ജാക്ക് മേയുടെ നിലപാടിനെ തളളുന്നതായിരുന്നു. ജോലിക്ക് അധിക സമയം നിര്‍ബന്ധമാക്കുന്നത് മാനേജ്‌മെന്റിന്റെ ധാര്‍ഷ്ട്യം പ്രതിഫലിക്കുന്നതായിരിക്കുമെന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്. കൂടാതെ ഇത് അപ്രായോഗികവും തൊഴിലാളികളോടുളള നീതിക്കേടുമാണെന്നും മുഖപ്രസംഗം പറഞ്ഞുവെയ്ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com