'സ്മാര്‍ട്ട് മൂവ്' ഇന്ന് വിടപറയും ; നാളെ മുതല്‍ 'വാഹന്‍ സാരഥി' ; ലൈസന്‍സില്‍ ആറ് സുരക്ഷാ സംവിധാനങ്ങള്‍

വാഹന രജിസ്‌ട്രേഷനും ഡ്രൈവിം​ഗ്  ലൈസന്‍സുകളും ഏകീകരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളാണ് വാഹന്‍, സാരഥി എന്നിവ
'സ്മാര്‍ട്ട് മൂവ്' ഇന്ന് വിടപറയും ; നാളെ മുതല്‍ 'വാഹന്‍ സാരഥി' ; ലൈസന്‍സില്‍ ആറ് സുരക്ഷാ സംവിധാനങ്ങള്‍

തിരുവനന്തപുരം : വാഹനങ്ങളുടെ രജിസ്‌ട്രേഷനും ലൈസന്‍സ് നല്‍കുന്നതിനുമായി മോട്ടോര്‍ വാഹന വകുപ്പ് ഉപയോഗിച്ചു വരുന്ന 'സ്മാര്‍ട് മൂവ്' എന്ന സോഫ്റ്റ് വെയറിന്റെ ഉപയോഗവും പ്രവര്‍ത്തനവും ഇന്ന് അവസാനിതക്കും. മേയ് ഒന്നുമുതല്‍ പൂര്‍ണമായും കേന്ദ്രീകൃത വെബ് അധിഷ്ഠിത സംവിധാനമായ 'വാഹന്‍ സാരഥി'യിലേക്ക് മാറുകയാണ്.

നിലവിലെ സംവിധാനം വഴി താത്കാലിക രജിസ്‌ട്രേഷന്‍ ചെയ്തശേഷം സ്ഥിര രജിസ്‌ട്രേഷന് വാഹനം ഹാജരാക്കാത്തവര്‍ ഇന്നുതന്നെ (ഏപ്രില്‍ 30 നകം) അതത് ആര്‍.ടി. ഓഫീസുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. 30ന് ശേഷം നിലവിലെ താത്കാലിക രജിസ്‌ട്രേഷന്‍ ഉപയോഗിച്ച് വാഹനങ്ങളുടെ സ്ഥിര രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയില്ല. അതിനാല്‍ ഈ വാഹനങ്ങള്‍ പൊതുനിരത്തില്‍ ഉപയോഗിക്കാനും സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

സ്മാര്‍ട് മൂവ് വഴി ലേണേഴ്‌സ് ലൈസന്‍സ് കരസ്ഥമാക്കി ഡ്രൈവിം​ഗ് ടെസ്റ്റിന് ഹാജരാകാത്തവര്‍ ഉടന്‍ അതത് ഓഫീസുകളുമായി ബന്ധപ്പെട്ട് അപേക്ഷകളില്‍ നടപടി പൂര്‍ത്തീകരിക്കണമെന്നും മോട്ടര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മെയ് മാസം മുതല്‍ രജിസ്‌ട്രേഷനും ലൈസന്‍സും വാഹന്‍ സാരഥി സംവിധാനത്തിലേക്ക് മാറുന്ന പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം.

രാജ്യത്താകെ വാഹന രജിസ്‌ട്രേഷനും ഡ്രൈവിം​ഗ്  ലൈസന്‍സുകളും ഏകീകരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളാണ് വാഹന്‍, സാരഥി എന്നിവയെന്ന് അധികൃതര്‍ സൂചിപ്പിച്ചു. 'വാഹന്‍' വാഹന രജിസ്‌ട്രേഷനും 'സാരഥി'  ഡ്രൈവിം​ഗ് ലൈസന്‍സ് സംബന്ധിച്ച ആവശ്യങ്ങള്‍ക്കുമാണ് ഉപയോഗിക്കുന്നത്. 

'സാരഥി' നടപ്പാക്കുന്നതോടെ പഴയ ലൈസന്‍സിന്റെ രൂപംമാറും.'സാരഥി'വഴി നല്‍കുന്ന ലൈസന്‍സില്‍ ക്യു.ആര്‍.കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോ ലൈന്‍, മൈക്രോ ടെക്സ്റ്റ്, യു.വി.എംബ്ലം, ഗൈല്ലോച്ച പാറ്റേണ്‍ എന്നിങ്ങനെ ആറ് സുരക്ഷാ സംവിധാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വ്യക്തിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും ലൈസന്‍സില്‍ ഉള്‍പ്പെടുത്തും. 

കാര്‍ഡിന്റെ മുന്‍വശത്ത് സംസ്ഥാന സര്‍ക്കാരിന്റെ മുദ്ര, ഹോളോഗ്രാം, വ്യക്തിയുടെ ചിത്രം, രക്തഗ്രൂപ്പ് എന്നിവയുണ്ടാവും. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ ലൈസന്‍സിയെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അറിയാനാകും എന്നതും പുതിയ ലൈസന്‍സ് കാര്‍ഡിന്റെ സവിശേഷതയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com