റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറച്ചു; ഭവന, വാഹനവായ്പ നിരക്കുകള്‍ കുറയും 

മുഖ്യപലിശനിരക്ക് വീണ്ടും കുറച്ച് റിസര്‍വ് ബാങ്കിന്റെ പണവായ്പനയം പ്രഖ്യാപിച്ചു
റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറച്ചു; ഭവന, വാഹനവായ്പ നിരക്കുകള്‍ കുറയും 

ന്യൂഡല്‍ഹി: മുഖ്യപലിശനിരക്ക് വീണ്ടും കുറച്ച് റിസര്‍വ് ബാങ്കിന്റെ പണവായ്പനയം പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ നിരക്കായ റിപ്പോയില്‍ 0.35 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതോടെ റിപ്പോനിരക്ക് 5.40 ശതമാനമായി. ഭവന, വാഹന വായ്പ നിരക്കുകളില്‍ കുറവുവരുമെന്നാണ് അനുമാനം.

ഈ വര്‍ഷം ഇതുവരെ ആര്‍ബിഐ റിപ്പോനിരക്കില്‍ മുക്കാല്‍ ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 0.35 ശതമാനത്തിന്റെ കുറവ് കൂടി വരുത്തിയിരിക്കുന്നത്. ആഭ്യന്തരവിപണിയിലെ സാമ്പത്തിക ഞെരുക്കം പരിഹരിക്കാന്‍ വീണ്ടും മുഖ്യപലിശനിരക്കില്‍ കുറവുവരുത്തണമെന്ന് സാമ്പത്തിക ലോകം ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണായകമായ പണലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. 

അതേസമയ ബാങ്കുകള്‍ 0.10 ശതമാനം മുതല്‍ 0.15ശതമാനം വരെ മാത്രമാണ് പലിശനിരക്കില്‍ കുറവുവരുത്തിയിട്ടുളളത്. റിസര്‍വ ബാങ്കിന്റെ ചുവടുപിടിച്ച് നിരക്കിലെ ആനുകൂല്യം ഇടപാടുകാര്‍ക്ക് കൈമാറാത്ത ബാങ്കുകളുടെ നടപടിയില്‍ ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. 

ഈ സാമ്പത്തികവര്‍ഷത്തേയ്ക്കുളള മൊത്തം ആഭ്യന്തരവളര്‍ച്ചാനിരക്കിന്റെ അനുമാനം റിസര്‍വ് ബാങ്ക് പുതുക്കി നിശ്ചയിച്ചു. നേരത്തെ ഈ സാമ്പത്തിക വര്‍ഷം  രാജ്യം7 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് പ്രവചിച്ചിരുന്നത്. ഇത് 6.9 ശതമാനമായി പുതുക്കി നിശ്ചയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com