18 മാസം കൊണ്ട് ഞങ്ങള്‍ ഒരു രൂപ പോലും ബാധ്യതയില്ലാത്ത കമ്പനിയാകും; വിശാല പദ്ധതി വിശദീകരിച്ച് മുകേഷ് അംബാനി
By സമകാലികമലയാളം ഡെസ്‌ക് | Published: 12th August 2019 03:15 PM |
Last Updated: 12th August 2019 03:15 PM | A+A A- |

ന്യൂഡല്‍ഹി: പതിനെട്ട് മാസം കൊണ്ട് എണ്ണ സംസ്‌കരണ രംഗത്തെ പ്രമുഖ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒരു കടബാധ്യതയുമില്ലാത്ത സ്ഥാപനമായി മാറുമെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി. സെപ്റ്റംബര്‍ അഞ്ചിന് കമ്പനിയുടെ സ്വപ്‌നപദ്ധതിയാ ജിയോ ഫൈബറിന് രാജ്യത്ത് തുടക്കമിടുമെന്നും മുകേഷ് അംബാനി അറിയിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷികപൊതുയോഗത്തിലാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം.
റിലയന്‍സ് ഗ്രൂപ്പിലെ സുപ്രധാന കമ്പനിയായ റിലന്‍സ് ഇന്‍ഡസ്ട്രീസിന്റെ എണ്ണ, രാസവസ്തു ബിസിനസ്സില്‍ സൗദിയിലെ പ്രമുഖ എണ്ണ കമ്പനിയായ അരാംകോ നിക്ഷേപം നടത്തും. 20 ശതമാനം ഓഹരി അരാംകോയ്ക്ക് വില്‍ക്കുമെന്ന് മുകേഷ് അംബാനി അറിയിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കീഴില്‍ വരുന്ന റീട്ടെയില്‍ ബിസിനസ്സില്‍ ബ്രീട്ടിഷ് പെട്രോളിയവും നിക്ഷേപം നടത്തും. റീട്ടെയില്‍ ബിസിനസ്സില്‍ 49 ശതമാനം ഓഹരി പങ്കാളിത്തത്തിനാണ് ബ്രീട്ടീഷ് പെട്രോളിയം കമ്പനി ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകളുടെ ശൃംഖലയും വ്യോമയാന ഇന്ധനം ലഭ്യമാക്കുന്ന സംവിധാനങ്ങളും ഇതിന്റെ പരിധിയില്‍ വരും. ഈ രണ്ട് സഹകരണത്തിലൂടെ 1.15 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കമ്പനിയില്‍ വന്നുചേരാന്‍ പോകുന്നത്. ഇതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് പൂര്‍ണമായി എല്ലാ കടബാധ്യതകളില്‍ നിന്നും മുക്തമാകുമെന്ന് മുകേഷ് അംബാനി അറിയിച്ചു. 18 മാസം കൊണ്ട് ഇത് യാഥാര്‍ത്ഥ്യമാകുമെന്ന് മുകേഷ് അംബാനി പ്രത്യാശ പ്രകടിപ്പിച്ചു.
100എംബിപിഎസ് ഇന്റര്‍നെറ്റ് വേഗത അവകാശപ്പെടുന്ന ജിയോ ഫൈബറിന് അടുത്ത മാസം തുടക്കമിടും. നിലവില്‍ തന്നെ പലയിടങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഒപ്ടിക്കല്‍ ഫൈബറിനെ അടിസ്ഥാനമാക്കിയുളള ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനമാണിത്. ആജീവനാന്തം വോയ്‌സ് കോളും, ടെലിവിഷന്‍ , വീഡിയോ സ്ട്രീമിങ്ങ്, എച്ച്ഡി വ്യക്തതയും അടങ്ങുന്നതാണ് ജിയോ ഫൈബര്‍. മാസം 700 രൂപയില്‍ താഴെ മാത്രമേ ഈ സേവനങ്ങള്‍ക്ക് ഒന്നാകെ വരിസംഖ്യ വരുകയുളളുവെന്നാണ് മുകേഷ് അംബാനി അവകാശപ്പെടുന്നത്.